നസീറെന്ന വസന്തത്തെ ഓര്‍ക്കുമ്പോള്‍

ഓര്‍മ്മകളില്‍ ഒരു വസന്തമായിരുന്നു പ്രേംനസീര്‍‍. മലയാളിയുടെ പ്രണയാതുരതകളുടെ നായകനായും, മകനായും അച്ഛനായും, പോലീസുകാരനായും, കള്ളനായും ഒക്കെ അദ്ദേഹം വേഷം പകര്‍ന്ന് അറുന്നൂറോളം ചിത്രങ്ങള്‍ക്കാണ്. ചതുരപ്പെട്ടിയില്‍ നിമിഷാര്‍ത്ഥം കൊണ്ട് ചാ‍നലുകള്‍ മാറിക്കളിക്കുന്നനേരം മിന്നിമായുന്ന നസീറിന്റെ മുഖം ഓര്‍മ്മയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ റീലുകളാ‍യി എവിടെ നിന്നോ അഴിഞ്ഞു വീഴുന്നു. യൌവനത്തിന്റെ കാലങ്ങളിലേക്ക് ആ റീലുകള്‍ ഓടിപ്പോകുന്നു. പ്രണയവും സിനിമയും ഡിജിറ്റല്‍ യുഗത്തിലേക്ക് ചുവടുമാറിയെങ്കിലും മൂളലോടെ കറങ്ങിത്തിരിയുന്ന ഓര്‍മ്മകളുടെ ഫിലിമില്‍ നസീര്‍ എന്ന നായകന്റെ ചിത്രം ഇപ്പോഴും വെള്ളി വെളിച്ചത്തില്‍ ഇളകിക്കൊണ്ടിരിക്കുന്നു. നസീര്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് ദശാബ്‌ദം പിന്നിടുന്നു.

1926 ഏപ്രില്‍ 17 തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമാബീവിയുടെയും മകനായാണ് അബ്‌ദുള്‍ ഖാദര്‍ ജനിച്ചത്. ചിറയിന്‍‌കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ആലപ്പുഴ എസ്.ഡി കോളേജില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. അപ്പോഴേയ്‌ക്കും നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായി മാറിക്കഴിഞ്ഞിരുന്നു. പിന്നീട് സിനിമയില്‍ എത്തി ചേര്‍ന്നപ്പോള്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് പ്രേംനസീര്‍ എന്ന പേര് നല്‌കിയത്.

കാലഘട്ടങ്ങള്‍ക്ക് അപ്പുറം വെള്ളിത്തിരയിലെ ദൈവപുത്രനായിരുന്നില്ല നസീര്‍, ഇംഗ്ലീഷ് പറഞ്ഞില്ല, തെറി പറഞ്ഞില്ല, കൈയടി നേടാന്‍ അതിമാനുഷതകളിലേക്ക് വളര്‍ന്നില്ല എങ്കിലും മലയാളി നസീറിനെ സ്‌നേഹിച്ചു. കൌമാരക്കാരികള്‍ ഇത്തിരി പ്രണയിച്ചു. നസീര്‍ ഗദ്‌ഗദ കണ്ഠനായപ്പോള്‍ അറിയാതെ തീറ്ററുകളുടെ ഇരുളില്‍ കണ്ണിര്‍ തുള്ളികള്‍ ഉരുണ്ട് കളിച്ചു. അതി ഭാവുകങ്ങള്‍ ഒന്നുമില്ലാതെ നസീര്‍ പ്രേഷകരില്‍ ഒരാള്‍ തന്നെയായിരുന്നു.

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായെത്തി മലയാളിയ്‌ക്ക് ഒരു റിക്കോര്‍ഡിന്റെ തലയെടുപ്പും നസീര്‍ തന്നു. 700 ചിത്രങ്ങളില്‍ അദ്ദേഹം നായകനായെത്തി. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാരോടൊപ്പം. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത് ഷീലയ്‌ക്കൊപ്പമാണ്, അവരുടെ ഒരുമിക്കലില്‍ എന്തോ രസതന്ത്രം മലയാളി ആസ്വദിച്ചിരുന്നു അതുകൊണ്ടാ‍ണല്ലോ 130 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടും മലയാളിക്ക് മടുക്കാ‍തിരുന്നത്. നസീറിന്റെ പ്രണയാതുരനായ നായകനും ഷീലയുടെ വിരഹിണിയായ നായികയും പൂര്‍ണ്ണതയില്‍ എത്തിച്ചേര്‍ന്നത് അവര്‍ ഒരുമിച്ച് അഭിനയിച്ചപ്പോള്‍ തന്നെയാണ്. ‘മണ്ടിപ്പെണ്ണെ’ എന്ന വിളി മിമിക്രി കോമാളികളുടെ കോപ്രായങ്ങള്‍ക്ക് കൂട്ടായെങ്കിലും ആ വിളി നല്‍കിയ സുഖം മറ്റെന്തോ ആയിരുന്നു.

സിനിമയുടെ മിനുക്കത്തിനുമപ്പുറം നസീര്‍ സിനിമയിലെ നായകനെപ്പോലെ നിലകൊണ്ടു. നല്ല ഒരു മനുഷ്യസ്നേഹിയായി, നല്ല ഒരു മനുഷ്യനായി. സഹായം തേടിയെത്തിയവരെ വെറുംകയ്യോടെ മടക്കി അയച്ചില്ല. സിനിമ പരാജയപ്പെട്ട നിര്‍മ്മാതാവിനോട് അടുത്ത ചിത്രത്തില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാമെന്ന് പറയാന്‍ ഒരു പക്ഷെ നസീറിന് മാത്രമേ കഴിയൂ. കാരണം അങ്ങനെ പറയാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മുടെ നടന്‍‌മാരൊക്കെ ജീവിക്കാന്‍ വേറെ വഴിതേടേണ്ടി വന്നേനേ!

കാലം അങ്ങനെ ഒഴുകിപ്പോയി, പഴയ ഓലപ്പുര തീയറ്ററുകള്‍ മണ്ണടിഞ്ഞു. അവയ്‌ക്ക് മുകളില്‍ നിന്ന് റബറും മരച്ചീനിയേയും നിറഞ്ഞു. പഴയ കരയുന്ന പ്രൊജക്‍ടര്‍ തുരുമ്പ് വില‌ക്ക് തൂക്കി. എങ്കിലും ആ കാ‍ലത്തിന്റെ തീരു ശേഷിപ്പുകള്‍ എവിടെയൊക്കയോയുണ്ട് അവിടെ നിന്ന് നസീര്‍ ഇറങ്ങിവരും 'ഇളവന്നുര്‍ മഠത്തിലെ ഇണക്കുയിലെ' എന്ന ഗാനവുമായി. പ്രേം നസീര്‍ ഓര്‍മ്മയായിട്ട് 20 വര്‍ഷം കഴിഞ്ഞുവെങ്കിലും ആ മുഖവും ശബ്‌ദവും മലയാളി ഇന്നും മറന്നിട്ടില്ല, പുതു തലമുറയ്ക്ക് അതൊരു തമാശയാണെങ്കിലും.

വെബ്ദുനിയ വായിക്കുക