താജ് മഹലിന് 355

Webdunia
താജ് മഹല്‍ നിര്‍മ്മിച്ചിട്ട് 355 വര്‍ഷമായി എന്നു പറയുന്നത് 1653 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്ന ചരിത്ര രേഖയുടെ അടിസ്ഥാനത്തിലാണ്. 2003ല്‍ റ്റാജ് മഹലിന്‍റെ 350 മത് വാര്‍ഷികം വിപുലമായി യു പി സര്‍ക്കാര്‍ ആഘോഷിച്ചിരുന്നു

ഇപ്പോള്‍ താജ്മഹല്‍ ഉള്ള സ്ഥലത്ത് മുഗളന്‍മാരുടെ കാലത്തിനു മുമ്പ് തന്നെ തേജോമഹാലയ എന്ന പേരില്‍ ഹൈന്ദവ ക്ഷേത്രമുണ്ടായിരുന്നുവെന്നും രജപുത്ര രാജാവായ മാന്‍സിംഗിന്‍റെ പേരില്‍ പൂന്തോട്ടവും കൊട്ടാരവുമുണ്ടായിരുന്നുവെന്നും മറ്റു ചില ചരിത്രരേഖകള്‍ പറയുന്നു.

ഏതായാലും താജ്മഹല്‍ നിര്‍മ്മിച്ച ഷാജഹാന്‍ ചക്രവര്‍ത്തി , രാജാ മാന്‍സിംഗിന്‍റെ പൗത്രന്‍ ജയ്സിംഗില്‍ നിന്നാണ് യമുനാ തീരത്തെ ഈ 43 ഏക്കര്‍ സ്ഥലം വാങ്ങിച്ചത് എന്നുറപ്പാണ്. ചരിത്രമെന്തായാലും എല്ലാവരും അംഗീകരിക്കുന്ന വസ്തുതകള്‍ ഇതാണ്- തന്‍റെ പ്രിയതമയായ മുംതസ് ഇസമിന്‍റെ ഓര്‍മ്മയ്ക്കായാണ് ഷാജഹാന്‍ താജ്മഹല്‍ പണിയിച്ചത്.

ഇന്ത്യയുടെ കവിളിലെ കണ്ണുനീര്‍ തുള്ളി എന്ന് മഹാകവി ടാഗോര്‍ ഈ വെളുത്ത സ്മാരകത്തെ വിശേഷിപ്പിച്ചു. ലോകത്തിലെ എട്ട് അല്‍ഭുതങ്ങളില്‍ ഒന്നായാണ് താജ്മഹലിനെ കണക്കാക്കുന്നത്. താജ്മഹലിന്‍റെ വാസ്തുവിദ്യാപരമായ ചാരുത ആര്‍ക്കുമിതുവരെ മറികടക്കാനായിട്ടില്ല. പൂര്‍ണ്ണമായും വെള്ള മാര്‍ബിളിലാണ് ഇത് പണിഞ്ഞിരിക്കുന്നത്.


അകത്തെ ചുവരുകളില്‍ നിറയെ വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും പതിച്ചിരുന്നു. ജഹാംഗീറിന്‍റെ മൂന്നാമത്തെ മകനായ ഖുറം ആണ് ഷാജഹാനായി വളര്‍ന്നത്. പതിനാലാം വയസ്സില്‍ ആഗ്രയിലെ തെരുവില്‍ വച്ചാണ് ഖുറം സുന്ദരിയായ അര്‍ജുമാന്‍ ബാനു എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. അവരുടെ പ്രണയം അഞ്ച് വര്‍ഷം കൊണ്ട് പൂവണിഞ്ഞു. പത്തൊന്‍പതാം വയസ്സില്‍ ഇരുപതുകാരിയായ അര്‍ജുമാന്‍ ബാനുവിനെ ഷാജഹാന്‍ വിവാഹം കഴിച്ചു.

അവരുടെ പത്തൊന്‍പതു കൊല്ലത്തെ ദാമ്പത്യത്തിനിടയില്‍ പതിനാലു കുഞ്ഞുങ്ങളുണ്ടായി. അവസാനത്തെ പ്രസവത്തില്‍ ഭാര്യ മരിച്ചു. മുംതസ് മഹല്‍ എന്ന ഓമനപ്പേരിട്ടു വിളിച്ച തന്‍റെ പ്രിയതമയുടെ ഓര്‍മ്മയ്ക്കായി ഒരു നിത്യ സ്മാരക മന്ദിരം പണിയാന്‍ ഷാജഹാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആഗ്രയില്‍ താജ്മഹല്‍ പണിതുയര്‍ത്തിയത്

20,000 ജോലിക്കാര്‍ 22 കൊല്ലം കൊണ്ടാണ് താജ് മഹല്‍ പൂര്‍ത്തിയാക്കിയത്. അന്നതിന് 3.2 കോടി രൂപ ചെലവായി. അന്നത്തെ പ്രസിദ്ധ ഇസ്ളാമിക് വാസ്തുവിദ്യാ വിദഗ്ദ്ധന്‍ ഉസ്താദ് ഈസയായിരുന്നു താജ്മഹലിന്‍റെ ശില്‍പി. ഇന്ത്യയിലെങ്ങുമുള്ള കല്‍പണിക്കാര്‍, കരകൗശല വിദഗ്ദ്ധര്‍ എല്ലാം താജ്മഹലിന്‍റെ പണിക്കായി ആഗ്രയില്‍ ഒത്തുകൂടി.

പേര്‍ഷ്യയില്‍ നിന്നും തുര്‍ക്കിയില്‍നിന്നും അറേബ്യയില്‍നിന്നും സാധന സാമഗ്രികളും രത്നങ്ങളും വൈദഗ്ദ്ധ്യമുള്ള ശില്‍പികളും ജോലിക്കാരും ആഗ്രയിലെത്തിയിരുന്നു.