എം ടിയെക്കാളും പത്മരാജനേക്കാളും മികച്ച തിരക്കഥാകൃത്താണ് ലോഹിതദാസ് എന്നത് കല്‍പ്പറ്റ നാരായണന് നടത്തിയ ഒരു നിരീക്ഷണമാണ്. എം ടിയും പത്മരാജനും സാഹിത്യത്തോടും, ലോഹിയാകട്ടെ കൂടുതലായി സിനിമയോടും ചേര്‍ന്നു നില്ക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അതായത്, സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ലോഹിയുടെ രചനാപ്രവര്‍ത്തനം. അല്ലെങ്കില്‍ സിനിമാറ്റിക് കൃതികള്‍ രചിക്കാന്‍ എം ടിയെക്കാളും പത്മരാജനെക്കാളും വിരുത് ലോഹിക്കു തന്നെ.
നാരായണന്റെ ഈ അഭിപ്രായത്തെ അംഗീകരിക്കാനോ അതിന് ഒരു വേദി നല്‍കാനോ അകാരണമായ ഒരു ഭയം ചില മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല എന്നാണ് മനസിലാക്കാനാകുന്നത്. എം ടിയെയോ പത്മരാജനെയോ വിമര്‍ശിക്കാനുള്ള തന്റേടം മാധ്യമങ്ങള്‍ക്കില്ല എന്നതു പോകട്ടെ, ലോഹിതദാസ് എന്ന പ്രതിഭയെ അംഗീകരിക്കാനുള്ള സന്മനസു പോലും അദ്ദേഹത്തിന്റെ മരണശേഷമാണുണ്ടായത്. കല്പറ്റ നാരായണന്റെ വീക്ഷണമാണ് ശരിയെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാത്തതെന്ന് കരുതാം.
ഈ മൂവരുടെയും സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, കഥാപാത്രങ്ങളുടെ മൌലികമായ സംഭാഷണ രീതി. ലോഹിയുടെ ഒരു കഥാപാത്രത്തിലൂടെയും എഴുത്തുകാരന് സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങള്‍ തന്നെയാണ്. അമരത്തിലെ അച്ചൂട്ടി സംസാരിക്കുന്നതു പോലെയല്ല കിരീടത്തിലെ സേതു സംസാരിക്കുന്നത്. അതുപോലെയല്ല അച്യുതന്‍നായരോ കീരിക്കാടനോ സംസാരിക്കുന്നത്. പാഥേയത്തിലെ ചന്ദ്രദാസിന് കൂടുതല്‍ തെളിമയും ശുദ്ധിയുമുള്ള ഭാഷയാണ്. വേട്ടക്കാരന് വാറുണ്ണിക്ക് അയാളെപ്പോലെതന്നെ വികൃതമായ സംസാരരീതി.
ഓരോ കഥാപാത്രത്തിനും അയാളുടെ ജീവിതപരിസരവും കുടുംബപശ്ചാത്തലവും കുലവുമൊക്കെ അടിസ്ഥാനമാക്കിയുള്ള സംസാരശൈലി നല്‍കാനാണ് ലോഹി ശ്രമിച്ചിട്ടുള്ളത്. അതില്‍ അങ്ങേയറ്റം വിജയിക്കാനും അദ്ദേഹത്തിനായി. തനിക്കു കുറേ കാര്യങ്ങള്‍ പറയാനുണ്ട്, അത് കഥാപാത്രങ്ങളിലൂടെ പറയുന്നു എന്ന ചില തിരക്കഥാകൃത്തുക്കളുടെ രീതി ഒട്ടും ലോഹിതദാസിനില്ല തന്നെ.
അടുത്ത പേജില്‍ വായിക്കുക - ചന്തു വീരനായിരിക്കാം, പക്ഷേ...
PRO
എന്നാല്‍ ഇതായിരുന്നില്ല, പത്മരാജന്റെയോ എം ടിയുടെയോ സിനിമകളില്‍ കാണാനായത്. ചന്തു വീരപുരുഷനായിരിക്കാം. പക്ഷേ ഇത്രയും വാചാലനും വാഗ്മിയുമാകുന്നതെങ്ങനെ. ചന്തുവിനെ വിടാം, അതിന്റെ ഹീറോയിസത്തിന് ആ പ്രയോഗങ്ങള്‍ നല്ലതാണ്. എം ടിയുടെ കഥാപാത്രങ്ങളായ റഷീദും(പഞ്ചാഗ്നി), രവിശങ്കറും (സുകൃതം), പെരുന്തച്ചനും, ഒരു ചെറുപുഞ്ചിരിയില്‍ ഒടുവില്‍ അവതരിപ്പിച്ച നായകനും, ഉത്തരത്തിലെയും പരിണയത്തിലെയും ജാനകിക്കുട്ടിയിലെയും കഥാപാത്രങ്ങളെയും പരിശോധിച്ചാല്‍ മനസിലാകും, ഏവര്‍ക്കുമുണ്ട് അതിവാചാലത. അത് എം ടിയുടെ സംഭാഷണരചനാ ശൈലിയാണ്. അവിടെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായ ഇടം ഇല്ലാതാകുന്നു.
ഈ വാചാലത പത്മരാജന് കഥാപാത്രങ്ങള്‍ക്കുമുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളുടെ അതിപ്രസരം കൊണ്ട് അലോസരം തോന്നുന്ന സിനിമയാണ് കരിയിലക്കാറ്റു പോലെ. ഇതിന്റെ മറ്റൊരു പതിപ്പാണ് ഈ തണുത്ത വെളുപ്പാന്‍ കാലത്ത്. ഇടവേള എന്ന ചിത്രത്തിലെ വിദ്യാര്‍ത്ഥികളും അരപ്പെട്ട കെട്ടിയ ഗ്രാമത്തിലെ കൂട്ടുകാരും സംഭാഷണങ്ങളുടെ കാര്യത്തില്‍ സാദൃശ്യമുള്ളവരാണ്.
വടക്കന്‍ വീരഗാഥയിലെ ചന്തുവിന് എം ടി എത്രമാത്രം കൃത്രിമമായ സംഭാഷണങ്ങള്‍ സൃഷ്ടിച്ചോ അതുപോലെ ഞാന്‍ ഗന്ധര്‍വനു വേണ്ടി പത്മരാജനും വടിവൊത്ത സാഹിത്യമെഴുതി. മൂന്നാം പക്കത്തിലെ ഭാസിയും മുത്തച്ഛനും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും, മുന്തിരിത്തോപ്പുകളിലെ സോളമനുമെല്ലാം ഇത്തരം വെര്‍ബല്‍ ഡയറിയയ്ക്ക് വിധേയരാണ്. എന്തു കൊണ്ട് സോളമന് സോളമന്റേതു മാത്രമായ ഒരു ഭാഷ സൃഷ്ടിക്കുന്നില്ല. എന്തുകൊണ്ട് ദേശാടനക്കിളികളിലെ നായകന് ഇത്ര വാചാലനാകുന്നു?
ഇവിടെയാണ് ലോഹിതദാസ് സൃഷ്ടിച്ച കഥാപാത്രങ്ങളുടെ മേന്മ. കല്‍പ്പറ്റ നാരായണന്റെ വീക്ഷണം പോലെ, കുടുംബപുരാണത്തിലെ തിലകന്റെ കഥാപാത്രത്തിനുള്ള വാചാലത ആ കഥാപാത്രത്തിന്റേതു മാത്രമാണ്. മറ്റു കഥാപാത്രങ്ങളിലേക്കോ മറ്റ് സിനിമകളിലേക്കോ അത് പടരുന്നില്ല. ഓരോ ജീവിത സാഹചര്യങ്ങളിലും സാധാരണക്കാരായ മനുഷ്യര്‍ എങ്ങനെ പ്രതികരിക്കുന്നു, സംസാരിക്കുന്നു എന്നതാണ് ലോഹിയുടെ കഥകളുടെ വളര്‍ച്ചാവഴി.
മറ്റൊന്ന് കഥാപശ്ചാത്തലങ്ങളുടെ കാര്യമാണ്. ലോഹിയെപ്പോലെ ഇത്രയും വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങള്‍ സൃഷ്ടിച്ച മറ്റൊരു തിരക്കഥാകൃത്ത് മലയാളത്തിലില്ല. ആശാരിയും മൂശാരിയും കൊല്ലനും ചായക്കടക്കാരനും പൊലീസുകാരനും കൊലയാളിയുമെല്ലാം ആ തൂലികയില്‍ നിന്ന് ജനിച്ചു. ജാതീയമായ വ്യത്യസ്തത ഇത്രയേറെ അനുഭവിപ്പിച്ച തിരക്കഥാകൃത്തും ലോഹിതദാസിനോളം മറ്റൊരാളില്ല. കസ്തൂരിമാനില്‍ നായരും ഈഴവനും ക്രിസ്ത്യാനിയുമുണ്ട്. ഭൂതക്കണ്ണാടിയിലെ നായിക പുള്ളുവത്തിയാണ്. നായരില്‍ താണ ഹൈന്ദവ കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഭയപ്പെടുന്ന തിരക്കഥാകൃത്തുക്കള്‍ വാഴുന്ന കാലമാണിതെന്നോര്‍ക്കണം. ഈ വ്യത്യസ്തത നല്കാന് എം ടിക്കോ പത്മരാജനോ പോലും കഴിഞ്ഞിട്ടില്ല.
അടുത്ത പേജില്‍ - പത്മരാജന് കാല്പനികത ദൌര്‍ബല്യമായി
PRO
പത്മരാജന്റെ രചനകള്‍ക്ക് കാല്പനികത കൂടിയപ്പോള്‍ കരുത്ത് കുറഞ്ഞു. എം ടിയുടെ എഴുത്തിന് സാഹിത്യഭംഗി കൂടിയപ്പോള്‍ സിനിമാ വ്യാകരണം വഴങ്ങാതെ നിന്നു. അല്ലെങ്കില്‍ ശബ്ദരേഖ കൊണ്ട് സിനിമയുടെ എഴുപത് ശതമാനത്തിലധികവും പ്രേക്ഷകരിലെത്തിക്കാനാണ് എം ടി ശ്രമിച്ചത്. ലോഹിയുടെ സിനിമകള്‍ ശബ്ദരേഖകളായി തരം താഴുന്നില്ല. അത് ജീവിതം നിറഞ്ഞുനില്ക്കുന്ന കാഴ്ചാനുഭവങ്ങളാണ്.
മണ്ണില്‍ ചവിട്ടി നില്ക്കുന്ന കഥാപാത്രങ്ങളാണ് എം ടിയുടേതും പത്മരാജന്റേതും എന്ന് വ്യാഖ്യാനിക്കപ്പെടുമ്പോഴും, ശ്രദ്ധിക്കുക, അവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ സാഹസികരാണ്. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കാന്‍, മറ്റുള്ളവര്‍ക്ക് കഴിയാത്ത പലകാര്യങ്ങളും ചെയ്യാന്‍, വാക്കുകൊണ്ടും ശരീരം കൊണ്ടും ആയുധം കൊണ്ടും ആള്‍ബലം കൊണ്ടും പ്രാപ്തരാണ് എം ടിയുടെയും പത്മരാജന്റെയും കഥാപാത്രങ്ങള്‍. അത് ഹീറോയിസം പ്രൊജക്ട് ചെയ്യുന്ന രീതിയാണ്. അല്ലെങ്കില്‍, വില്‍ക്കലിനു വേണ്ടിയുള്ള കഥാപാത്രനിര്‍മ്മിതികള്‍.
ഇത്തരം സൃഷ്ടികള്‍ ഒന്നുപോലും ലോഹിതദാസില്‍ നിന്ന് ഉണ്ടായിട്ടില്ലെന്ന് കാണാം. പച്ചയായ ജീവിതമാണ് അവിടെ തെളിയുന്നത്. കച്ചവട സിനിമയുടെ ഉസ്താദായ ജോഷിക്കു വേണ്ടിപ്പോലും ലോഹി എഴുതിയത് മഹായാനവും കുട്ടേട്ടനും കൌരവരുമാണ്. ഇതില്‍ ഏറ്റവും ആക്ഷന്‍ മൂഡുള്ള കൌരവര്‍ പറയുന്ന വിഷയം അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ്. അല്ലെങ്കില്‍ നഷ്ടപ്പെട്ടു പോയെന്നുകരുതിയ മകളെ തിരിച്ചു കിട്ടുന്ന ഒരച്ഛന്റെ ജീവിതത്തിലെ മാറ്റങ്ങള്‍. മഹായാനം മമ്മൂട്ടിയുടെ കരിയറിലെ ഉജ്ജ്വലമായ അധ്യായമായി. ജോഷിക്കു വേണ്ടി പത്മരാജന് തൂലികയെടുത്തപ്പോള്‍, അത് ജോഷി ശൈലിയില്‍ തന്നെയുള്ള ഒരു കുറ്റാന്വേഷണ ചിത്രമായി. അല്ലെങ്കില്‍ കരിയിലക്കാറ്റിന്റെ മറ്റൊരു പതിപ്പ്.
ഐ വി ശശിക്ക് ലോഹി നല്‍കിയത് മുക്തിയും മൃഗയയുമാണ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു എഴുത്തുകാരന്റെ ചിന്തയില്‍ വരാന്‍ സാധ്യതയില്ലാത്ത ഒരു കഥയായിരുന്നു മൃഗയ. സിബി മലയിലിനു വേണ്ടിയെഴുതിയ ദശരഥവും അതുപോലെ തന്നെ. കഥകളിയെക്കുറിച്ച് കേവലം അറിവു പോലും ഇല്ലാതെ കമലദളം പോലൊരു ക്ലാസിക് ലോഹി സമ്മാനിച്ചു. അക്ഷരങ്ങള്‍ തനിക്ക് ഈശ്വരന് തരുന്ന ഭിക്ഷയാണെന്ന് ലോഹി പറഞ്ഞത് അതുകൊണ്ടാണ്. മറ്റുപലരെയും പോലെ സാഹിത്യപ്രവര്‍ത്തനത്തിന്റെ ഓരം പറ്റിയുള്ള സിനിമാജോലിയായിരുന്നില്ല അത്.
എം ടി വല്ലപ്പോഴുമേ സിനിമയെഴുതാറുള്ളൂ. വര്‍ഷങ്ങളുടെ ഇടവേള പലപ്പോഴും ഉണ്ടാകുന്നു. പത്മരാജന് എഴുതിയത് 36 സിനിമകളാണ്. വയലന്‍സും സെക്സും കാല്പനികതയും കൂട്ടിക്കുഴച്ച സൃഷ്ടികളായിരുന്നു മിക്കതും. മൂന്നാം പക്കം, ഇന്നലെ, നൊമ്പരത്തിപ്പൂവ് തുടങ്ങിയവ മാത്രമാണ് അവയില്‍ നിന്ന് മാറി നില്‍ക്കുന്നത്. ലോഹിതദാസ് വ്യത്യസ്തനാകുന്നത് അവിടെയാണ്. അമ്പതിനു മേല്‍ തിരക്കഥകള്‍ ലോഹിയുടേതായി ഉണ്ടായി. അവയില്‍ മാറ്റു കുറഞ്ഞത് എന്നുപറഞ്ഞ് നിര്‍ബന്ധപൂര്‍വം ഒഴിച്ചു നിര്‍ത്താവുന്നത് ഏറിയാല്‍ നാലോ അഞ്ചോ മാത്രം. ഇത്രയും ഗംഭീരമായ ട്രാക്ക് റെക്കോര്‍ഡ് മാത്രം മതി എം ടിയെക്കാള്‍, പത്മരാജനെക്കാള്‍ ബഹുദൂരം മുന്നിലാണ് ലോഹിതദാസ് എന്ന് വ്യക്തമാകാന്‍.