ജയലളിത വീണ്ടും പ്രസാദിച്ചു, ശശികല പാര്‍ട്ടിയില്‍ തിരിച്ചെത്തി

ശനി, 31 മാര്‍ച്ച് 2012 (12:37 IST)
PTI
ഏവരും പ്രതീക്ഷിച്ചതുപോലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും വീണ്ടും ഒത്തുചേര്‍ന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളെല്ലാം അവസാനിച്ചു. ജയലളിതയ്ക്കെതിരായ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ ശശികല ജയയ്ക്ക്‌ അനുകൂലമായി മൊഴി നല്‍കുകയും ജയലളിതയ്ക്ക് വേണ്ടി താന്‍ ജീവിതം സമര്‍പ്പിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് ജയലളിത തോഴിയില്‍ വീണ്ടും പ്രസാദിച്ചത്.

പാര്‍ട്ടിതലത്തില്‍ ശശികലയ്ക്കെതിരെ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിന്‍വലിച്ചതായി ജയലളിത തന്നെ അറിയിച്ചിരിക്കുകയാണ്. ജയലളിത തമിഴ്നാടിന്‍റെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം മറ്റൊരു അധികാരകേന്ദ്രമായി ശശികല മാറിയിരുന്നു. ഇതാണ് ജയലളിതയ്ക്ക് തോഴിയോട് അപ്രീതിയുണ്ടാകാന്‍ കാരണം. ശശികലയെയും ഭര്‍ത്താവ്‌ എം നടരാജനെയും പാര്‍ട്ടിയില്‍ നിന്ന് ജയലളിത പുറത്താക്കുകയായിരുന്നു. പിന്നീട് നടരാജനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ താന്‍ ജയലളിതയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു എന്നും എല്ലാ തെറ്റുകള്‍ക്കും താനാണ് ഉത്തരവാദിയെന്നും കോടതിയില്‍ കരഞ്ഞുകൊണ്ട് ശശികല മൊഴി നല്‍കിയതോടെയാണ് ജയലളിതയുടെ മനസിളകിയത്. ബന്ധുക്കളുമായി ഇനി ഒരടുപ്പവും തനിക്കില്ലെന്നും ഇനിയെല്ലാം ജയലളിതയാണെന്നും കഴിഞ്ഞ ദിവസം ശശികല പ്രഖ്യാപിച്ചിരുന്നു.

ഇതോടെ വീണ്ടും എ ഐ എ ഡി എം കെയുടെ നേതൃപദവിയിലേക്ക് വീണ്ടും ശശികല വരികയാണ്. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ്‌ അംഗമായിരിക്കെയാണ് ശശികലയെ ജയലളിത പുറത്താക്കിയത്. അതോ അതിന് മേലെയോ ഉള്ള സ്ഥാനം ശശികലയ്ക്ക് നല്‍കാന്‍ തലൈവി തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക