ജനകീയമെന്നു തോന്നും, പക്ഷേ...

തിങ്കള്‍, 6 ജൂലൈ 2009 (14:18 IST)
പ്രത്യക്ഷത്തില്‍ ജനകീയമെന്ന് തോന്നുന്ന ബജറ്റാണ് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് മൂന്ന് രൂപയ്ക്ക് അരി നല്‍കുന്നതിനും വാര്‍ഷിക മേഖലയുടെ വികസനത്തിനും ബജറ്റ് ഊന്നല്‍ നല്‍കുന്നുണ്ട്. പ്രത്യക്ഷത്തില്‍ സ്വകാര്യവത്കരണ, ഉദാരീകരണ നയങ്ങള്‍ക്ക് വിരുദ്ധമായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ബജറ്റില്‍ വാഗ്ദാനമുണ്ട്.

എന്നാല്‍, കഴിഞ്ഞയാഴ്ച അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിനെ ചുവടുപിടിച്ചുള്ള ബജറ്റ് റിപ്പോര്‍ട്ടാണ് ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസിലാകും. പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് തന്നെയാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രണബ് അറിയിച്ചത്. ആഗോള ഉദാരീകരണ നയങ്ങളുമായി മുന്നോട്ട് പോകുമെന്ന യു പി എ യുടെ പ്രഖ്യാപിത നയത്തിന്‍റെ ആദ്യ പടിയാണ് ബജറ്റ്.

രാജ്യത്തെ ഏറ്റവും ശക്തമായ ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ബജറ്റ് നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇവയുടെ നിയന്ത്രണം സര്‍ക്കാരിന് തന്നെയാണെങ്കിലും ആഭ്യന്തര മൂലധനത്തിന്‍റെ കൂടുതല്‍ ഓഹരി വിദേശത്തേക്ക് ഒഴുകുന്നതിന് കാരണമാകുന്ന നിലപാടാണിത്. ഓഹരി വിറ്റഴിക്കലിലൂടെ 25000 കോടി രൂപ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ലോകവ്യാപകമായി സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപം പൊതുമേഖലയില്‍ അനുവദിക്കുന്നത് മാന്ദ്യത്തിന്‍റെ ആഘാതം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുന്നതിന് കാരണമാകുന്ന സമീപനമാണ് പ്രണബിന്‍റെ ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ 25000 കോടി അധിക വരുമാനം കണ്ടെത്താന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി പൊതുമേഖലാ കമ്പനികളെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിക്കും.

ഓഹരി ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് രാജ്യാന്തര മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന നഷ്ടത്തിന്‍റെ വിഹിതം രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂടി വഹിക്കാന്‍ ബാധ്യസ്ഥരാകും. ഇന്ത്യയിലെ പൊതുമേഖലാ കമ്പനികളുടെ ഓഹരി മൂല്യം തകരാന്‍ ഇത് കാരണമാകും. അതേസമയം, സ്വകാര്യ മേഖലയിലെ ബാങ്കുകളുമായി മത്സരിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുമെന്ന പ്രഖ്യാപനം ആശ്വാസകരമാണ്.

അടിസ്ഥാന സൌകര്യ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ഏര്‍പ്പെടുത്തുന്നത് ആ മേഖലയുടെ വികസനത്തിന് കൂടുതല്‍ സഹായകരമാകും. എന്നാല്‍, സ്വകാര്യ പങ്കാളിത്തം നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അഴിമതി, കെടുകാര്യസ്ഥത എന്നിവ നേരിടാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കും എന്നുള്ളത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഖജനാവിലെ പണം ചോരാതിരിക്കാനുള്ള ഉപാധികള്‍ കണ്ടെത്താതെയുള്ള സ്വകാര്യ പങ്കാളിത്തം രാജ്യത്തിന് ഗുണകരമാകുമോ എന്ന് കണ്ടറിയണം.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്ന് രൂപയ്ക്ക് അരി നല്‍കാനുള്ള ബജറ്റ് നിര്‍ദ്ദേശം ഏറ്റവും ജനകീയമാണ്. എന്നാല്‍, രാജ്യത്തെ കുത്തഴിഞ്ഞ ബി പി എല്‍ പട്ടിക മാനദണ്ഡമാക്കി ഇത് എങ്ങനെ നടപ്പാക്കും എന്നത് ചോദ്യ ചിഹ്നമാകും. ഓരോ സംസ്ഥാനത്തേയും സാമൂഹ്യ സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അതാത് സംസ്ഥാനത്തെ ബി പി എല്‍ മാനദണ്ഡം നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയാല്‍ മാത്രമേ യഥാര്‍ത്ഥ ഗുണഭോക്താവിന് പദ്ധതിയുടെ ഗുണം ലഭിക്കൂ. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലും സംസ്ഥാനങ്ങള്‍ക്കനുസൃതമായ മാനദണ്ഡങ്ങളാണ് നടപ്പിലാക്കേണ്ടത്.

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി 3.25 ലക്ഷം കോടി രൂപ അധിക വായ്പ അനുവദിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയത് ആശ്വാസകരമാണ്. ഇന്ത്യയുടെ പൊതുവരുമാനത്തിന്‍റെ ഭൂരിപക്ഷവും കാര്‍ഷിക മേഖലയില്‍ നിന്നാണ്. ആ നിലയ്ക്ക് കാര്‍ഷികാധിഷ്ടിത വ്യവസായങ്ങള്‍ക്കു കൂടി മുന്‍‌ഗണന നല്‍കിയാലേ ഇന്ത്യയുടെ കാര്‍ഷികമേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ സാധിക്കൂ.

വെബ്ദുനിയ വായിക്കുക