ഗോവിന്ദച്ചാമി പുറത്തിറങ്ങിയാല്‍ എന്തുസംഭവിക്കും?

അനില ജോണ്‍
വ്യാഴം, 15 സെപ്‌റ്റംബര്‍ 2016 (15:52 IST)
സൌമ്യ വധക്കേസില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട ഗോവിന്ദച്ചാമി 16 മാസത്തിനുള്ളില്‍ ജയില്‍ മോചിതനാകും. പ്രതിയുടെ വധശിക്ഷ സുപ്രീം‌കോടതി ശരിവയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജനങ്ങള്‍ പക്ഷേ ഇപ്പോഴത്തെ വിധിയില്‍ അങ്ങേയറ്റം ദുഃഖിതരും നിരാശാഭരിതരും രോഷാകുലരുമാണ്. സര്‍ക്കാരിന്‍റെ കേസ് നടത്തിപ്പിലെ ദൌര്‍ബല്യങ്ങള്‍ കാരണമാണ് ഗോവിന്ദച്ചാമി രക്ഷപ്പെടുന്നതെന്ന അഭിപ്രായമാണ് ഏവര്‍ക്കുമുള്ളത്.
 
അതുകൊണ്ടുതന്നെ 16 മാസത്തിന് ശേഷം ഗോവിന്ദച്ചാമി പുറത്തുവരുമ്പോള്‍ ഉണ്ടാകാവുന്ന ജനരോഷം അധികൃതര്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ഇനിയുള്ള 16 മാസങ്ങളില്‍ കേരളത്തിലെ ജയിലില്‍ തന്നെ ഗോവിന്ദച്ചാമി സുരക്ഷിതനല്ലെന്നാണ് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ആളൂരിന്‍റെ അഭിപ്രായം.
 
പ്രതിയെ എത്രയും വേഗം കേരളത്തിന് പുറത്തുള്ള ഒരു ജയിലിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം പ്രതിഭാഗം അഭിഭാഷകന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ജയിലില്‍ മറ്റ് തടവുകാരുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.
 
ജയിലിന് പുറത്തെത്തിയാലും ഗോവിന്ദച്ചാമി കേരളത്തില്‍ സുരക്ഷിതനായിരിക്കില്ലെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ തന്നെ തുടരാന്‍ ഗോവിന്ദച്ചാമി തീരുമാനിച്ചാല്‍ പൊലീസ് സുരക്ഷ നല്‍കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
 
എന്തായാലും സൌമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി രക്ഷപ്പെടുമ്പോള്‍ നമ്മുടെ കേസ് അന്വേഷണ രീതിയെയും പ്രോസിക്യൂഷന്‍റെ ജാഗ്രതയെയുമാണ് ജനം ചോദ്യം ചെയ്യുന്നത്.
Next Article