ക്ഷേത്രപ്രവേശന വിളംബരമെന്ന മഹാ വിപ്ളവം

തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ക്ഷേത്രപ്രവേശന വിളംബരം യഥാസ്ഥിതികരായ ഹിന്ദുക്കള്‍ക്ക് അസഹനീയതയുടേയും മര്‍ദ്ദിതര്‍ക്കും ഹരിജനങ്ങള്‍ക്കും ആഹ്ളാദത്തിന്‍റേയും ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റേയും സന്ദേശമായിരുന്നു.

ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിയ ഈ വിളംബരത്തിലൂടെ ഇന്ത്യയിലാദ്യമായി സര്‍ക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം നല്കുന്ന നാട്ടുരാജ്യമായി മാറി തിരുവിതാംകൂര്‍.

1936 നവംബര്‍ 12-(1112 തുലാം 27-ാം തീയതി) നാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്. അന്നുവരെ സവര്‍ണര്‍ക്കു മാത്രമേ ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. അമ്പല വഴികളില്‍ പോലും അവര്‍ണര്‍ക്ക് നടക്കാന്‍ പാടില്ലായിരുന്നു

പുരോഗമന വീക്ഷണമുള്ള തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1936 നവംബര്‍ 12നാണ് സുപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചത്. വിളംബരമിറക്കിയത് അദ്ദേഹത്തിന്‍റെ 24-ാം പിറന്നാള്‍ ദിവസമായിരുന്നു.

തിരുവിതാംകൂറിലെ അവര്‍ണ്ണരായ ഹിന്ദുക്കള്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചു കിട്ടാനുള്ള ഏറെക്കാലം നീണ്ട സമരത്തിന്‍റെ ഫലമായാണ് "ക്ഷേത്രപ്രവശേന വിളംബരം' മഹാരാജാവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ അധ്യാത്മ വിമോചനത്തിന്‍റെ അധികാര രേഖയായ "സ്മൃതി' എന്നാണ് ഈ വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്.

ഗാന്ധിജി വിശേഷിപ്പിച്ചതുപോലെ "ആധുനിക കാലത്തിന്‍റെ അത്ഭുതം' തന്നെയായിരുന്നു ക്ഷേത്രപ്രവശേന വിളംബരം. ""ജനങ്ങളുടെ ആത്മീയ വിമോചനത്തിന്‍റെ ഒരു സ്മൃതി''യായ ഈ വിളംബരത്തിന്‍റെ മാതൃക ഉടനെ മറ്റെല്ലാ ഹിന്ദു രാജ്യങ്ങളിലേക്കും പടര്‍ന്നുപിടിക്കുമെന്ന് ഗാന്ധിജി പ്രത്യാശിച്ചു.

. ""ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ളവം'' എന്നാണ് രാജഗോപാലാചാരി വിളംബരത്തെ വിശേഷിപ്പിച്ചത്.

നിശബ്ദവും രക്തരഹിതവുമായ വിപ്ളവമായിരുന്നു ഇത്. ഹൈന്ദവ സമുദായത്തില്‍ പില്‍ക്കാലത്തുണ്ടായ നിശബ്ദ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചത് ഈ രാജകീയ വിളംബരമായിരുന്നു.

തിരുവനന്തപുരത്തെ കോട്ടയ്ക്കകത്ത് ക്ഷേത്രപ്രേവേശനവിളംബരത്തിന്‍റെ സ്മാരകമുണ്ട്. മണ്ഡപത്തിന്‍റെ പീഠത്തില്‍ മഹാരാജാവിന്‍റെ കൃഷ്ണ ശിലയില്‍ കൊത്തി യ പ്രതിമയും താഴെ അമ്പല നടയിലേക്ക് ഇരച്ചുകയറുന്ന പിന്നാക്കകാരും ഉള്‍പ്പെടുന്നതാണ് സ്മാരകം .


വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം:-

""സര്‍ ശ്രീപത്മനാഭ വഞ്ചിപാല രാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജരാജ രാമരാജബഹദൂര്‍ ഷംഷെര്‍ജംഗ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദ ഇന്ത്യന്‍ എമ്പയര്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബര്‍ 12-ാം തിയ്യതിക്കു ശരിയായ 1112 തുലാം 27-ാം തിയ്യതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരം'' എന്നായിരുന്നു ഒറ്റ വാചകത്തിലുള്ള ആ വിളംബരത്തിന്‍റെ തലക്കെട്ട്.

""...നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും തന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്‍റെ ശാന്തിയും സാന്ത്വനവും നിഷേധിപ്പാന്‍ പാടില്ലെന്ന ഉത്കണ്ഠയാലും... ജനനത്താലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും നമ്മുടെ ഗവണ്‍മെന്‍റിന്‍റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.''

വൈക്കം സത്യാഗ്രഹത്തെ (1925) തുടര്‍ന്ന് തിരുവിതാംകൂറില്‍ അമ്പലപ്പുഴ, ശുചീന്ദ്രം, തിരുവാര്‍പ്പ് തുടങ്ങിയ സ്ഥലങ്ങളിലും ക്ഷേത്രനിരത്തുകള്‍ അവര്‍ണര്‍ക്ക് തുറന്നു കിട്ടുന്നതിനുവേണ്ടി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ ഫലമാണ് ഇന്ത്യയൊട്ടാകെയുള്ള നാട്ടുരാജാക്കന്മാരുടെയും ദേശീയ നേതാക്കളുടെയും ശ്രദ്ധ പിടിച്ചു പറ്റിയ പ്രഖ്യാപനം

സി.പി. രാമസ്വാമി അയ്യര്‍ ദിവാനായി ഒരു മാസത്തിനുള്ളിലാണ് മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്.

കൊച്ചിയിലെ ദിവാന്‍ ഷണ്‍മുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്‍റെ കീര്‍ത്തിയില്‍നിന്നും ശ്രദ്ധ തിരുവിതാംകൂറിലേക്കു തിരിക്കുന്നതിന് സി.പി. നടത്തിയ ഉപദേശമാണ് ഈ വിളംബരത്തിനു കാരണമെന്നും അതല്ല ക്രിസ്തുമതത്തിലേക്കുള്ള അവര്‍ണ ഹിന്ദുക്കളുടെ പരിവര്‍ത്തനം തടയുന്നതിനു വേണ്ടിയായിരുന്നുവെന്നും വ്യാഖ്യാനങ്ങളുണ്ട്.


വൈക്കം - ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍

1920 കളില്‍ ക്ഷേത്രപ്രവേശനത്തിനുള്ള പ്രസ്ഥാനം കേരളത്തിലുടനീളം ഉണ്ടാവുകയുണ്ടായി. ഇതോടനുബന്ധിച്ച് അവര്‍ണജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1924-ല്‍ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹം ആരംഭിച്ചു.

ഇത് കേരളചരിത്രത്തിലെ ഉജ്ജ്ലപ്രക്ഷോഭമായിരുന്നു. കെ.പി. കേശവമേനോന്‍, മന്നത്ത് പത്മനാഭന്‍, ടി. കെ. മാധവന്‍, ബോധേശ്വരന്‍, ഇ. വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരായിരുന്നു ഈ സത്യഗ്രഹം നയിച്ചത്. ഇവര്‍ക്ക് പിന്തുണയേകി ഗാന്ധിജി എത്തിയിരുന്നു.

മറ്റൊരു ഐതിഹാസിക സമരം ഗുരുവായൂര്‍ സത്യഗ്രഹമായിരുന്നു. 1931 നവംബര്‍- 1 നാണ് ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയത്്. മന്നത്ത് പത്മനാഭന്‍ പ്രസിഡന്‍റും കെ. കേളപ്പന്‍ സെക്രട്ടറിയും ഏ. കെ. ഗോപാലന്‍ വോളന്‍റിയറുമായാണ് ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക