കോവിന്ദ് - ദിശാബോധത്തിന്റെ ജനകീയ മുഖം

സജിത്ത്

വ്യാഴം, 20 ജൂലൈ 2017 (16:54 IST)
ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ്. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയാകുമെന്ന് ഉറപ്പായത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാം നാഥ് ഇതുവരെ 65.56 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ പാർട്ടി സ്ഥാനാർഥിയായ കോൺഗ്രസ് നേതാവ് മീരാ കുമാറാവട്ടെ 34.35 ശതമാനം വോട്ടു മാത്രമേ ഇതുവരെ നേടിയിട്ടുള്ളൂ.
 
സുഷമ സ്വരാജ് അടക്കമുള്ളവരുടെ പേരുകള്‍ തള്ളി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രാം നാഥ് കോവിന്ദിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജിപി നേതൃത്വം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമായിരുന്നു കാൺപൂരിൽനിന്നുള്ള ദളിത് നേതാവായ രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഈ വിജയത്തോടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ രാഷ്ട്രപതിയായി കോവിന്ദ് മാറുകയും ചെയ്തു
 
ബിജെപിയോടും ആർഎസ്എസുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ബിജെപി ദേശീയ വക്താവായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നു 1994 ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോവിന്ദ് എന്ന ദലിത് നേതാവിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം സജീവമായത്. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ കോവിന്ദ്, ഡല്‍ഹി ഹൈക്കോടതിയിലും സുപ്രിംകോടതിയിലും 16 വര്‍ഷത്തോളം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. 
 
ദലിത് നേതാവായതു കൊണ്ട് തന്നെ രാജ്യസഭാംഗമായിരുന്ന കാലത്ത് തന്റെ ഫണ്ട് ഉപയോഗിച്ച് ദലിത് വിദ്യാര്‍ഥികള്‍ക്കും പാവപ്പെട്ടവര്‍ക്കും പഠിക്കാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നതിനായിരുന്നു കോവിന്ദ് പ്രഥമ പരിഗണന നല്‍കിയത്. ഗ്രാമീണ മേഖലകളിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യമൊരുക്കി നല്‍കുന്നതിനും വികസനം കൊണ്ടുവരുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച കോവിന്ദ് നിരവധി പാര്‍ലമെന്ററി കമ്മിറ്റികളിലും ദലിത്, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള സമിതിയിലും അംഗമായിരുന്നു. 
 
കാണ്‍പൂര്‍ കോളജില്‍ നിന്ന് നിയമ ബിരുദം നേടിയ കോവിന്ദ്, ഡല്‍ഹിയിലേക്കാണ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനായി പോയത്. രണ്ടു തവണ സിവില്‍ സര്‍വീസ്‍ പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ വിജയം കോവിന്ദിനൊപ്പമായിരുന്നു. എന്നാല്‍ വിജയിച്ചെങ്കിലും ഐഎഎസിന് പകരം മറ്റൊരു സര്‍വീസായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ സിവില്‍ സര്‍വീസ് വേണ്ടെന്ന് വെച്ച് കോവിന്ദ് നിയമ മേഖലയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 
 
എന്നാല്‍ പിന്നോക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് നടത്തിയ ഒരു പഴയ പ്രസ്താവനയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ വീണ്ടും പ്രചരിക്കുന്നത്. ഇസ്ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് രാം നാഥ് കോവിന്ദ് തന്റെ സംഘപരിവാര്‍ മുഖം 2010ല്‍ പുറത്തെടുത്തത്. 
 
2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷനാണ് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയായിരുന്നു രാം നാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
 

വെബ്ദുനിയ വായിക്കുക