കൊലക്കയര്‍ മുറിക്കുന്നതില്‍ പ്രതിഭാ പാട്ടീലിന് റെക്കോര്‍ഡ്‌!

വെള്ളി, 22 ജൂണ്‍ 2012 (15:44 IST)
PTI
ഏറ്റവും കരുണയുള്ള രാഷ്ട്രപതി ആരാണെന്ന് ചോദിച്ചാല്‍ അത് പ്രതിഭാ പാട്ടീലാണെന്ന് പറയാന്‍ ഇനി മടിക്കേണ്ടതില്ല. വധശിക്ഷയില്‍ ഇളവ് നല്‍കുന്നതില്‍ പ്രതിഭാ പാട്ടീല്‍ റെക്കോര്‍ഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ്. വധശിക്ഷ കാത്തുകഴിയുന്ന 35 പേര്‍ക്കാണ് പ്രതിഭാ പാട്ടീല്‍ ഇളവ് നല്‍കുന്നത്.

കൂട്ടക്കൊലപാതകങ്ങള്‍, തട്ടിക്കൊണ്ട് പോകല്‍, ബലാത്സംഗം, കുട്ടികളെ നിഷ്ഠൂരമായി കൊലപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികള്‍ക്കാണ് പ്രതിഭാ പാട്ടീല്‍ മാപ്പുനല്‍കുന്നത്.

വധശിക്ഷ നിര്‍ത്തലാക്കിയിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇത്രയധികം കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. കൂട്ടക്കുരുതി നടത്തിയവരെയും കുട്ടികളെ കൊലപ്പെടുത്തിയവരെയുമൊക്കെ ഇത്തരത്തില്‍ ശിക്ഷായിളവ് നല്‍കുന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വിഷയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശിക്ഷായിളവ് നല്‍കിയ ചില കുറ്റവാളികളുടെ വിവരങ്ങള്‍:

സതീഷ് - 2001ല്‍ വൈശാഖ എന്ന ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി.

മൊളായ് റാം, സന്തോഷ് യാദവ് - 1996ല്‍ മധ്യപ്രദേശ് ജയിലിലെ ജയിലറുടെ പത്തുവയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത് കൊന്നു.

ധര്‍മ്മേന്ദ്ര സിംഗ്, നരേന്ദ്ര യാദവ് - 1994ല്‍ ദമ്പതികളെയും അവരുടെ മൂന്ന് മക്കളെയും കൊലപ്പെടുത്തി.

പിയറ സിംഗും മൂന്നു മക്കളും - ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 17 പേരെ കൊലപ്പെടുത്തി.

ഷോഭിത് ചാമര്‍ - രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേരെ കൊലപ്പെടുത്തി.

ആര്‍ ഗോവിന്ദസ്വാമി - മൂന്നു കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് ബന്ധുക്കളെയാണ് ഈ മലയാളി കൊലപ്പെടുത്തിയത്.

ശ്യാം മനോഹര്‍, ഷ്യോ റാം, പ്രകാശ്, രവീന്ദര്‍ സുരേഷ്, ഹരീഷ് - പത്തുവയസുകാരനായ കുട്ടി ഉള്‍പ്പടെ അഞ്ചുപേരെ കൊലപ്പെടുത്തി.

ഓം‌പ്രകാശ് - റിട്ടയേര്‍ഡ് ബ്രിഗേഡിയറെയും രണ്ട് ബന്ധുക്കളെയും കൊലപ്പെടുത്തി.

ശുശീല്‍ മുര്‍മു - ഒമ്പതുവയസുകാരനെ കൊലപ്പെടുത്തി.

ജെയ്കുമാര്‍ - ഗര്‍ഭിണിയായ സഹോദരഭാര്യയെയും ബന്ധുവിനെയും കൊലപ്പെടുത്തി.

വെബ്ദുനിയ വായിക്കുക