എയ്ഡ്സ് രോഗികളടക്കം നൂറിലധികം മാരകരോഗികള്‍ ഞെരുങ്ങിക്കഴിയുന്ന വിയ്യൂര്‍ ജയിലിലെ ഡി ബ്ലോക്കില്‍ കഴിയാന്‍ താനൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ‘കൈവെട്ട്’ കേസില്‍ നാല്‍പ്പത്തിയേഴാം പ്രതിയും ഇപ്പോള്‍ പഞ്ചായത്ത് മെമ്പറുമായ പ്രഫസര്‍ അനസ് പറയുന്നു. ചോദ്യംചെയ്യാനായി ഒരാളെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുമ്പോഴേക്കും 'ഭീകരവാദക്കഥകള്‍' പ്രചരിപ്പിക്കുന്ന മാധ്യമ സംസ്കാരം കാരണമാണ് തനിക്ക് 92 ദിവസങ്ങള്‍ അന്യായമായി ജയിലില്‍ കഴിയേണ്ടിവന്നത് എന്നും അനസ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനസ് ഇങ്ങിനെ പറഞ്ഞത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇതാ -
“ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോള്‍ പൊലീസ് ഇതാണ് പറഞ്ഞത് - സ്റ്റേഷന്‍ വരെ ഒന്നു വരണം, ഉടന്‍ വിട്ടയച്ചേക്കാം. ഈ വാക്കുകള്‍ കൊടുംചതിയാവുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല. പോലിസിനെ വിശ്വസിച്ച് സ്റ്റേഷനിലെത്തിയ എന്നെ തുറുങ്കിലടയ്ക്കുകയായിരുന്നു. ‘മിസ്റ്റര്‍ അനസ്, താങ്കള്‍ നിരപരാധിയാണെന്ന് ഞങ്ങള്‍ക്കു നന്നായറിയാം. എന്നാ ല്‍ മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ കൈവെട്ടു കേസില്‍ പ്രഫ. അനസിനെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് എങ്ങനെയാണു താങ്കളെ വിട്ടയക്കാനാവുക?’ എന്നാണ് പൊലീസ് ചോദിച്ചത്.”
“മൂവാറ്റുപുഴയില്‍ അധ്യാപകനായ ജോസഫ് ആക്രമിക്കപ്പെട്ട് ഒരു മാസത്തിനു ശേഷം ആഗസ്ത് ആറിനാണ് ചോദ്യംചെയ്യാനായി മൂവാറ്റുപുഴ സ്റ്റേഷനിലെത്തണമെന്ന ഫോണ്‍ സന്ദേശം ലഭിക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ നീണ്ട സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ കൈവെട്ടു സംഭവവുമായി എനിക്ക് യാതൊരുബന്ധവുമില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായിരുന്നു. എന്നിട്ടും വൈകീട്ട് നാലരയോടെ ആലുവ പോലിസ് ക്ലബ്ബിലേക്കു കൊണ്ടുപോയി. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടിട്ടും കേരള പോലിസിന്റെ മൂന്നാംമുറയില്‍ നിന്ന് രക്ഷയുണ്ടായില്ല.”
“പോലിസ് ക്ലബ്ബിലെ പ്രത്യേക മുറിയില്‍ കയറ്റിയ ശേഷം കേസന്വേഷണച്ചുമതലയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ക്രൂരമായ മര്‍ദ്ദനമായിരുന്നു അഴിച്ചുവിട്ടത്. ബോധരഹിതനാവുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നു. രണ്ടു ദിവസം അന്യായമായി പോലിസ് കസ്റ്റഡിയില്‍ വച്ച ശേഷം എട്ടിന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ആറു ദിവസം മൂവാറ്റുപുഴ സബ് ജയിലില്‍ കഴിഞ്ഞ ശേഷമാണു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ജയിലിലായിരിക്കുമ്പോഴാണ് ഇളയ മകള്‍ ജനിക്കുന്നത്.”
“എച്ച്‌ഐവി പോസിറ്റീവാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച എയ്ഡ്സ് രോഗികളടക്കം താമസിക്കുന്ന ഡി ബ്ലോക്കിലായിരുന്നു ത ങ്ങളെ തുറുങ്കിലടച്ചത്. മാരകരോഗികളടക്കം നൂറിലധികം പേരാണു ഇവിടെ ഞെരുങ്ങിക്കഴിയുന്നത്. ജയില്‍ പരിസരത്തു തന്നെ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങളുണ്ട്. ഇരട്ടക്കൊലപാതകക്കേസുകളിലടക്കം കൊടുംകുറ്റവാളികളായ തടവുകാര്‍ ഈ ആരാധനാലയങ്ങളില്‍ യഥേഷ്ടം പ്രാര്‍ഥന നടത്തുന്നുണ്ട്. എന്നാല്‍ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണത്തടവുകാരായി കഴിയുന്ന മുസ്ലിം യുവാക്കള്‍ക്കു മാത്രം പള്ളിയില്‍ പോവാന്‍ അനുമതിയില്ല!”
“സെന്‍ട്രല്‍ ജയിലില്‍ കഴിയവെ മൂവാറ്റുപുഴ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി അനുകൂലവിധി സമ്പാദിച്ചാണു വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് ഡിവിഷനില്‍ നിന്നു മല്‍സരത്തിനിറങ്ങിയത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സ്വന്തം വോട്ട് പോലും രേഖപ്പെടുത്താനോ അനുമതിയില്ലായിരുന്നു. മുവാറ്റുപുഴ സംഭവത്തിന്റെ പേരില്‍ മുസ്ലിംകളെ കേന്ദ്രീകരിച്ച് ഭരണകൂടത്തിന്റെ ഒത്താശയോടെ പോലിസ് നടത്തുന്ന വേട്ടകളും ഇതിനു പിന്തുണ നല്‍കുന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ നിലപാടും സാധാരണക്കാരില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമാണു എനിക്കുണ്ടായ വിജയം” - അനസ് പറയുന്നു.