കൈരളി ടിവിക്ക് വാസ്തു ദോഷം!

തിങ്കള്‍, 30 മെയ് 2011 (15:08 IST)
PRO
ഒന്നരലക്ഷത്തോളം ഓഹരിയുടമകളുടെ സംയുക്ത സംരംഭമായ കൈരളി ടിവിക്ക് ഇപ്പോള്‍ ചില തിരിച്ചടികളുടെ കാലമാണെന്ന് റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ ഹൃദയയ ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്ന ചാനലിന്റെ കോര്‍പ്പറേറ്റ് ഓഫീസിന് ചില വാസ്തു ദോഷങ്ങള്‍ തിരിച്ചടിയാവുന്നു എന്നാണ് രസകരമായ അറിവ്!

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് 75 സെന്റ് സ്ഥലത്ത് 70,000 ചതുരശ്ര അടിയുള്ള സ്റ്റുഡിയോ ഉള്‍പ്പെടെയുള്ള ഓഫീസാണ് പണിതീര്‍ത്തിരിക്കുന്നത്. ചാനല്‍ നേരിടുന്ന ചില പ്രശ്നങ്ങള്‍ക്ക് കാരണം കെട്ടിടത്തിന്റെ ദര്‍ശനം ശരിയായ ദിശയിലല്ലാത്തതു കൊണ്ടാണെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം.

വര്‍ഷങ്ങളോളം കഠിനാധ്വാനം നടത്തിയാണ് മുന്‍ എംഡി ജോണ്‍ ബ്രിട്ടാസ് കൈരളിക്ക് അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ പാകത്തില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയതെന്ന ഖ്യാതിയോടു കൂടിയ കോര്‍പ്പറേറ്റ് മന്ദിരം നിര്‍മ്മിച്ചത്. എന്നാല്‍, പുതിയ ഓഫീസില്‍ പണിയെടുത്ത് കൂടുതലാവും മുമ്പേ ബ്രിട്ടാസിന് കൈരളി വിടേണ്ടി വന്നു.

ഇപ്പോളിതാ ബ്രിട്ടാസിന്റെ നഷ്ടത്തിനൊപ്പം പറയാന്‍ കഴിയില്ല എങ്കിലും മറ്റൊരു ആന്തരിക പ്രതിസന്ധി കൂടി കൈരളിയെ ബാധിച്ചിരിക്കുന്നു. ചില അഭ്യുദയ കാംക്ഷികള്‍ പറയുന്നതനുസരിച്ച് ഒരു വാര്‍ത്താ അവതാ‍രകനാണ് ചാനലിന്റെ ‘ദോഷമായി’ മാറിയിരിക്കുന്നത്.

ചുവപ്പിനോടും റോസിനോടും അമിത ഭ്രമമുള്ള അംഗീകരിക്കപ്പെട്ട അവതാരകന് ചില അവതാരകമാരോട് തോന്നിയ താല്‍പ്പര്യം ഇപ്പോള്‍ പ്രശ്നമായിരിക്കുകയാണത്രേ. അതിരുകടന്ന പെരുമാറ്റവും അര്‍ദ്ധരാത്രിയിലെ ഫോണ്‍ വിളികളും കാരണം പൊറുതിമുട്ടിയ ഒരു അവതാരക സംഭവം വീട്ടിലറിയിച്ചു. അതിനു ഫലമുണ്ടായി, അവതാരകയുടെ സഹോദരന്‍ പൊതുവഴിയില്‍ വച്ച് വാര്‍ത്താ അവതാരകന് “അംഗീകാരം” നല്‍കി.

പൊതുവഴിയില്‍ വച്ചുള്ള അംഗീകാരത്തോടുകൂടി കഥാപുരുഷന്‍ ഒതുങ്ങിയത്രേ. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലെത്താന്‍ മടികാണിക്കുന്ന ഇദ്ദേഹം അധികൃതരോട് പറഞ്ഞ് ഡെസ്ക് ആക്ടിവിറ്റീസില്‍ ഒതുങ്ങിക്കൂടുകയാണെന്നാണ് പുതിയ വിവരം. എന്തായാലും, ചാനല്‍ അധികൃതര്‍ ഇത് അറിഞ്ഞ മട്ടില്ല. അറിഞ്ഞെങ്കില്‍ ഈ “യുവ തുര്‍ക്കി”യുടെ സ്ഥാനം പടിക്കുപുറത്തായേനെ.

വെബ്ദുനിയ വായിക്കുക