കാലയവനികയില്‍ മറഞ്ഞത് കാലത്തെ അതിജീവിച്ച സംവിധായകന്‍
വ്യാഴം, 30 മെയ് 2013 (12:02 IST)
PRO
PRO
എന്നും കാലത്തിനു മുന്‍പേ നടന്ന സംവിധായകനായിരുന്നു ഋതുപര്‍ണഘോഷ്. ലിംഗപരമായി പുരുഷനാണെങ്കിലും സ്വത്വപരമായി താന്‍ സ്ത്രീയാണെന്ന് സമൂഹത്തിനു മുന്‍പില്‍ പ്രഖ്യാപിച്ച സംവിധായകനായിരുന്നു അദ്ദേഹം. തന്റെ ചലചിത്രങ്ങളില്‍ പലതും ആത്മകഥാ പരമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളുടെയും സ്വവര്‍ഗപ്രേമികളുടെയും കഥ പറയാന്‍ ഇന്ത്യന്‍ സിനിമ മടിച്ചുനിന്ന ഘട്ടത്തില്‍ അവ തുറന്നു പറയാന്‍ അദ്ദേഹം കാട്ടിയ ചങ്കൂറ്റമാണ് ബംഗാള്‍ സിനിമയ്ക്ക് ലോകസിനിമയുടെ വെള്ളിത്തിരയില്‍ സ്ഥാനം നേടി നല്‍കിയത്. ട്രാന്‍സ്ജെന്‍ഡറുകളുടെയും സ്വവര്‍ഗപ്രേമികളുടെയും ഉന്നമനത്തിനും അവരെ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നു.
2000-ല്‍ പുറത്തിറങ്ങിയ ആരേക്തി പ്രേമര്‍ ഗോല്പോ എന്ന സിനിമ ബംഗാളി സിനിമയില്‍ തീര്‍ത്ത കോളിളക്കം ചെറുതല്ല. ചിത്രത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രവും ഡോക്യുമെന്ററി നിര്‍മാതാവുമായ അഭിരൂപ് സെന്നിന്റെ വേഷത്തിലെത്തിയത് ഋതുപര്‍ണഘോഷായിരുന്നു. കൌശിക് ഗാംഗുലി സംവിധാനം ചെയ്ത ചിത്രം ഋതുപര്‍ണഘോഷിന്റെ ആത്മകഥാംശത്തെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് ചലച്ചിത്രനിരൂപകരുടെ വിലയിരുത്തല്‍.
അദ്ദേഹം അവസാനം സംവിധാനം നിര്‍വഹിച്ച ചിത്രാംഗദയുടെയും കഥാതന്തു ട്രാന്‍സ്ജെന്‍ഡര്‍ പ്രേമവും അതിന്റെ പ്രത്യാഘാതങ്ങളും സാമൂഹിക പ്രശ്നങ്ങളുമാണ്. പൊതുവേദികളില്‍ ഋതുപര്‍ണഘോഷ് സ്ത്രീവേഷത്തിലായിരുന്നു പലപ്പോഴും എത്തിയിരുന്നത്. മാതാവിന്റെ മരണശേഷം ഏകദേശം പൂര്‍ണമായും സ്ത്രീഭാവഹാദികളോടെയാണ് അദ്ദേഹം പെരുമാറിയിരുന്നത്. തന്റെ സ്വത്വം ഇതാണെന്ന് പറയാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. ഈ ധൈര്യം തന്നെയാണ് സിനിമകളിലൂടെയും പ്രകടമാക്കിയത്. പ്രതിഭയുടെ ആള്‍രൂപമായ ആ കലാകാരന്‍ ഇനിയില്ല. സെല്ലുലോയ്ഡില്‍ ഒരുപിടി അനശ്വര ചിത്രങ്ങളൊരുക്കിയ ചലചിത്രകാരന് ആദരവിന്റെ ഓര്‍മ്മപ്പൂക്കള്‍.