വനിതകള്‍ക്കായി ഒരു ദിനം കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ സ്ത്രീയുടെ വര്‍ത്തമാന സാഹചര്യം നിരാശാജനകമായ സൂചനകളാണ് തരുന്നത്. പിറന്നു വീഴുന്നതിനു മുന്‍പ് കൊലക്കത്തിക്ക് ഇരയാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ ഇന്ത്യയെ ലജ്ജിപ്പിക്കുന്ന യാഥാര്‍ഥ്യമായി അവശേഷിക്കുന്നു.
പെണ്ണാണെന്ന കാരണം കൊണ്ടു മാത്രം ഭൂമിയില്‍ നിന്നു തുടച്ചുനീക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം പത്തുലക്ഷമാണെന്നാണ് സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നു 10 ലക്ഷം പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷമാകുക എന്നത് തീരെ ചെറിയൊരു സംഗതിയല്ല. ഒരു സാമൂഹ്യദുരന്തമാണ്.
ഇതു സര്‍ക്കാര്‍ നല്‍കുന്ന കണക്കാണെന്നിരിക്കെ യഥാര്‍ഥ കണക്കുകള്‍ ഇതിലും വലുതാകാം. പ്രസവത്തിന് മുന്‍പ് ലിംഗനിര്‍ണ്ണയം നടത്തുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും സര്‍വ്വസാധാരണമായി നടക്കുന്നു. ഒട്ടേറെ കുരുന്നുജീവനുകള്‍ മുളയിലേ നുള്ളപ്പെടുന്നു. വിദ്യാഭ്യാസവും സമ്പത്തും സമൂഹത്തില്‍ ഉന്നത സ്ഥാനവുമുള്ളവരാണ് ഇതിന് ഏറ്റവും കൂടുതല്‍ തയ്യാറാകുന്നത് എന്ന അറിവാണ് ഞെട്ടിക്കുന്നത്.
ദാരിദ്ര്യത്തിന്‍റെയും പട്ടിണിയുടേയും മദ്ധ്യത്തില്‍ കഴിയുന്ന ചില ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രാകൃതമായ ശിശുഹത്യ നടക്കുന്നതായി സാമൂഹ്യ സംഘടനകള്‍ പറയുന്നു. തമിഴ്നാട്ടിലെ ചില ഗ്രാമങ്ങളിലും ഇതുണ്ടത്രേ. കുട്ടി ജനിച്ചുവീഴുന്ന ഉടന്‍ പെണ്ണാണെങ്കില്‍ കുഞ്ഞിന്‍റെ മുഖത്ത് തുണി നനച്ചിടുക, വായില്‍ നെല്ല് ഇട്ടു കൊടുക്കുക തുടങ്ങി പ്രാകൃതമായ പല മാര്‍ഗ്ഗങ്ങളും ശിശുഹത്യയ്ക്ക് സ്വീകരിക്കുന്നതായി പറയപ്പെടുന്നു.
കുഞ്ഞുങ്ങളുടെ ലിംഗാനുപാതത്തില്‍ ഈ വ്യത്യാസം പ്രതിഫലിക്കുന്നുണ്ടെന്നും ഇത് വലിയ സമൂഹിക അസന്തുലനത്തിനു വഴിവയ്ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. 1991 പെണ്‍- ആണ്‍ ശിശു ലിംഗാനുപാതം 945-1000 ആയിരുന്നത് 2001ല്‍ 927-1000 ആയി വ്യത്യാസപ്പെട്ടു. ഗ്രാമീണമേഖലകളില്‍ പോലും അള്‍ട്രാ സൗണ്ട് സ്കാനിങ്ങും ഗര്‍ഭം അലസിപ്പിക്കാനുള്ള സംവിധാനങ്ങളും ലഭ്യമാകുന്നുണ്ട്.
ഈ അസന്തുലനം വഴിവയ്ക്കുന്ന സാമൂഹിക വിപത്തുകള്‍ വലുതാണ്. കൂടുതല്‍ സ്ത്രീകള്‍ ലൈംഗിക വിപണിയിലേക്കു തള്ളപ്പെടുക, സ്ത്രീകള്‍ക്കെതിരെ അക്രമണം വര്‍ദ്ധിക്കുക, ബഹുഭര്‍തൃത്വം സാധാരണമാകുക തുടങ്ങിയത് ഇതില്‍ ചിലത് മാത്രമാണ്.