മുന്‍ രാഷ്ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിനൊപ്പം വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുണ്ട് ശ്രീജന്‍ പാല്‍ സിംഗിന്. തന്‍റെ ജീവിതത്തിലെ അവസാന ദിവസം കൂടുതല്‍ നേരവും അദ്ദേഹം ശ്രീജന്‍ പാലിനൊപ്പമായിരുന്നു. ഷില്ലോങ്ങ് ഐ ഐ എമ്മില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ പോകുന്നതിനായി വിമാനത്തില്‍ കയറുന്നതുമുതല്‍ മരണ സമയം വരെ കലാമിനൊപ്പം ശ്രീജന്‍ പാല്‍ സിംഗ് ഉണ്ടായിരുന്നു.
‘കലാം സ്യൂട്ട്’ ആണ് അദ്ദേഹം ധരിച്ചിരുന്നത്. ഇരുണ്ട നിറത്തിലുള്ള ആ സ്യൂട്ട് കണ്ടിട്ട് ‘നല്ല നിറം’ എന്ന് അദ്ദേഹത്തെ അഭിനന്ദിച്ചത് ശ്രീജന്‍ ഓര്‍ക്കുന്നു. എന്നാല്‍ അത് അദ്ദേഹം അവസാനമായി ധരിക്കുന്ന നിറമായിരിക്കുമെന്ന് ശ്രീജന്‍ അറിഞ്ഞില്ല.
രണ്ടരമണിക്കൂര്‍ വിമാനയാത്രയും അതിനുശേഷം ഐഐഎം ഷില്ലോങ്ങിലേക്ക് രണ്ടരമണിക്കൂര്‍ കാര്‍ യാത്രയും. ഇത്രയും സമയവും അബ്ദുള്‍ കലാമും ശ്രീജനും തമ്മില്‍ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചെയ്തു. പഞ്ചാബിലെ ഭീകരാക്രമണത്തേക്കുറിച്ചും ബഹളങ്ങളാല്‍ പാര്‍ലമെന്‍റ് നിശ്ചലമാകുന്നതും സംസാരവിഷയമായി.
"ഭൂമി വാസയോഗ്യമായ ഗ്രഹം” എന്ന വിഷയത്തിലായിരുന്നു ഐ ഐ എമ്മില്‍ അവതരിപ്പിക്കേണ്ടിയിരുന്ന പ്രബന്ധം. പഞ്ചാബിലെ ഭീകരാക്രമണത്തെ ഈ വിഷയവുമായി ബന്ധപ്പെടുത്തി അബ്‌ദുള്‍ കലാം സംസാരിച്ചു. ഈ രീതിയിലുള്ള ആക്രമണങ്ങളും മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളും മലിനീകരണവുമൊക്കെ തുടര്‍ന്നാല്‍ നമുക്ക് വാസയോഗ്യമല്ലാത്ത ഇടമായി ഭൂമി മാറുമെന്നും ഇത്തരത്തിലാണ് മുന്നോട്ടുപോക്കെങ്കില്‍ മൂന്നുപതിറ്റാണ്ടുകൂടി മാത്രമേ ഇങ്ങനെ നിലനില്‍ക്കാന്‍ കഴിയൂ എന്നും കലാം പറഞ്ഞു.
ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ ഒരു സംഭവമുണ്ടായി. കലാമിന്‍റെ സുരക്ഷാ സംവിധാനമൊരുക്കി മുമ്പില്‍ പോകുന്ന ജിപ്സിയില്‍ ഒരു സൈനികന്‍ തോക്കുമായി എഴുന്നേറ്റുനില്‍ക്കുകയായിരുന്നു. ഒരുമണിക്കൂറോളം അയാള്‍ ഇങ്ങനെ നില്‍ക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തോട് ഇരിക്കാന്‍ വയര്‍ലെസ് മെസേജ് കൊടുക്കാന്‍ കലാം ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ആ സൈനികന്‍ അങ്ങനെ തന്നെ നില്‍ക്കേണ്ടത് ആവശ്യമാണെന്നറിഞ്ഞപ്പോള്‍ ഷില്ലോങ്ങിലെത്തിയാലുടന്‍ ആ സൈനികനെ തനിക്ക് കാണണമെന്ന് കലാം ആവശ്യപ്പെട്ടു. ഷില്ലോങ്ങിലെത്തിയയുടന്‍ സൈനികനെ കലാമിന്‍റെ മുമ്പിലെത്തിച്ചു. തനിക്കുവേണ്ടി ഇത്രയും സമയം ബുദ്ധിമുട്ടിച്ചതിന് സൈനികനോട് ക്ഷമ ചോദിച്ച കലാം ക്ഷീണമുണ്ടെങ്കില്‍ ഭക്ഷണം കഴിക്കാനും സൈനികനെ ക്ഷണിച്ചു. മഹാനായ ഒരു മനുഷ്യന്‍റെ മനുഷ്യത്വപരമായ പെരുമാറ്റത്തിന്‍റെ അവസാനത്തെ ഉദാഹരണം.
പ്രബന്ധം അവതരിപ്പിക്കാനായി കൃത്യ സമയത്തുതന്നെ അബ്‌ദുള്‍ കലാം പോയി. ഒരിക്കലും ഒരിടത്തും അദ്ദേഹം വൈകിയെത്തിയിരുന്നില്ല. അക്കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കോട്ടില്‍ മൈക്ക് ഘടിപ്പിക്കവേ എന്നോടുള്ള അദ്ദേഹത്തിന്‍റെ അവസാനവാക്കുകള്‍ ഞാന്‍ കേട്ടു - ഫണ്ണി ഗയ്! ആര്‍ യു ഡൂയിങ് വെല്‍ ? !
പ്രബന്ധം അവതരിപ്പിച്ചുതുടങ്ങി രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പെട്ടെന്നുനിര്‍ത്തി. പിന്നീട് തളര്‍ന്നുവീണു. എന്‍റെ കൈകളിലായിരുന്നു അദ്ദേഹത്തിന്‍റെ ശിരസ്. ഒരുവാക്കുപോലും അദ്ദേഹം സംസാരിച്ചില്ല. എന്‍റെ വിരലില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു, കൈകള്‍ ചുരുട്ടിപ്പിടിച്ചിരുന്നു. ഒരു വേദനയും അദ്ദേഹം പ്രകടിപ്പിച്ചില്ല. ആശുപത്രിയിലെത്തി അഞ്ചുമിനിറ്റിനകം അദ്ദേഹം ഈ ലോകത്തുനിന്ന് യാത്രയായതായി ഞങ്ങള്‍ തിരിച്ചറിഞ്ഞു - ശ്രീജന്‍ ഓര്‍മ്മിക്കുന്നു.
ചിത്രത്തിന് കടപ്പാട് - ശ്രീജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്