എന്‍‌എസ്‌എസിന്റെ പ്രതിനിധി ആര്?

വ്യാഴം, 26 മെയ് 2011 (16:38 IST)
PRO
ഉമ്മന്‍‌ചാണ്ടി മന്ത്രിസഭ മൊത്തത്തില്‍ മത-സാമുദായിക സംഘടനകളുടെ പിടിയിലാണെന്നാണ് ആക്ഷേപം. പക്ഷേ, ഈ ‘പാപത്തില്‍’ എന്‍‌എസ്‌എസിന് പങ്കില്ല എന്ന് പകല്‍ പോലെ വ്യക്തമാണ്. എന്‍‌എസ്‌എസിന്റേത് എന്ന് സംഘടനയുടെ ‘താല്‍ക്കാലിക’ നേതൃത്വം പറഞ്ഞ് സ്വയം ഞെളിയാന്‍ ശ്രമിച്ചവരൊന്നും സംഘടനയുടെ നോമിനികളല്ല എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഇക്കാര്യം മറ്റാരേക്കാളും നന്നായി മനസ്സിലാവുന്നത് സമുദായാംഗങ്ങള്‍ക്ക് തന്നെയാവണം.

എന്‍‌എസ്‌എസിന്റെ അനാവശ്യ അവകാശവാദത്തിന് ആദ്യം തിരിച്ചടി നല്‍കിയത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയായിരുന്നു. തന്നെ വെറുമൊരു നായരായി ബ്രാന്‍ഡ് ചെയ്യല്ലേ എന്ന് രമേശ് ചെന്നിത്തല അപേക്ഷിച്ചപ്പോള്‍ തകര്‍ന്ന് വീണത് പാരമ്പര്യമുള്ള ഒരു സാമുദായിക സംഘടനയുടെ അന്തസ്സായിരുന്നില്ലേ? അതിനു കാരണം എല്ലാ സംഘടനകളെയും പോലെ വാചക കസര്‍ത്ത് നടത്തി രാഷ്ടീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ച നേതൃതമായിരിക്കാം.

എന്തായാലും, അതുകൊണ്ടും എന്‍‌എസ്‌എസിന്റെ കഷ്ടകാലം അവസാനിച്ചില്ല. മുരളീധരന്റെ മന്ത്രിസ്ഥാനത്തിന് എതിരു നിന്നില്ല എന്ന് പ്രഖ്യാപിച്ചപ്പോള്‍ സംഘടനാ നേതൃത്വം മുരളി വന്നാല്‍ ശിവകുമാറിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തിരുന്നു. ഈ ‘ഉറക്കെയുള്ള ആശങ്കപ്പെടല്‍’ ശിവകുമാറിനെയും പരസ്യമായി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കി.

രമേശ് പറഞ്ഞപോലെ താന്‍ ഒരു നായര്‍ മാത്രമല്ല ക്രിസ്ത്യാനിയും ഈഴവനും നാടാരും മുസ്ലീമുമൊക്കെയാണെന്ന് ശിവകുമാര്‍ പ്രതികരിച്ചു. ജനനേതാക്കള്‍ സമൂഹത്തിന്റെ പ്രതിനിധി ആയിരിക്കണമെന്ന അടിസ്ഥാനതത്വം എന്‍‌എസ്‌എസിന്റെ ആക്ടിംഗ് നേതൃത്വം അറിയാതെ പോയതിന്റെ അല്ലെങ്കില്‍ മറന്നുപോയതിന്റെ ഫലമാണ് ഇത്. എന്തായാലും ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും എന്‍‌എസ്‌എസ് നായര്‍ സമൂഹത്തില്‍ നിന്നും വളരെ അകന്നു പോയി എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്!

ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ “സമദൂരം” വെടിഞ്ഞു എന്ന പ്രസ്താവന നടത്തിയതാണ് നായര്‍ സമൂഹത്തിലെ മിക്കവര്‍ക്കും ‘ഷോക്കായി’ തോന്നിയത്. അത് എപ്പോള്‍? എന്ന ചോദ്യത്തിന് പക്ഷേ എന്‍‌എസ്‌എസിന്റെ കരയോഗങ്ങളിലെ അംഗങ്ങള്‍ക്ക് ഇത്രനാളായും മറുടി ലഭിച്ചിട്ടില്ല. എന്‍‌എസ്‌എസ് സമദൂരം വെടിഞ്ഞു എന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വി‌എസിനെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ യു‌ഡി‌എഫിനെ സഹായിച്ചു എന്നുമുള്ള ആക്ടിംഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരെ ചില കരയോഗങ്ങള്‍ പ്രമേയം പാസാക്കിയെന്നും ഓര്‍ക്കുക.

എന്തായാലും ജനറല്‍ സെക്രട്ടറി സമദൂരം വെടിഞ്ഞില്ല എന്ന് യു‌ഡി‌എഫ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യം വിശദീകരിക്കണമെങ്കില്‍ രമേശിന്റെ പ്രസ്താവനയിലെ ഒരു വരി മാത്രം മതിയാകും “ എന്നെ തെരഞ്ഞെടുപ്പുകളില്‍ സഹായിച്ചിട്ടുള്ളത് സ്വസമുദായത്തിലുള്ളവരെക്കാള്‍ മറ്റുള്ള സമുദായത്തിലുള്ളവരാണ്”. ഈ പ്രസ്താവന രാഷ്ടീയപരമായി അദ്ദേഹത്തിന് വളരെയധികം കരുത്ത് പകരുന്ന ഒന്നാണ്. രാ‍ഷ്ട്രീയം മതത്തിനും ജാതിക്കും അതീതമാണെന്ന സന്ദേശം വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിക്കാന്‍ രമേശിനു കഴിഞ്ഞു. എന്നാല്‍, പാരമ്പര്യമുള്ള ഒരു സംഘടനയുടെ തലപ്പത്തിരുന്നുകൊണ്ട് ജി സുകുമാരന്‍ നായര്‍ വി‌എസിനെതിരെ നടത്തിയ പ്രസ്താവനയിലെ വാക്കുകളെങ്കിലും നന്നായിരുന്നെങ്കില്‍ എന്ന് ആരായാലും ആശിച്ചുപോകും!

വെബ്ദുനിയ വായിക്കുക