എന്‍എസ്‍എസും രംഗത്ത്, അനൂപിന്‍റെ മന്ത്രിസ്ഥാനം കട്ടപ്പുറത്ത്?

വെള്ളി, 30 മാര്‍ച്ച് 2012 (16:07 IST)
PRO
മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ ദിനം‍പ്രതി പുതിയ വിവാദങ്ങള്‍ ഉടലെടുക്കുന്ന കേരള രാഷ്‌ട്രീയത്തില്‍ അനൂപ് ജേക്കബിന്‍റെ മന്ത്രിസ്ഥാനത്തിനെതിരെ ഒരു സമുദായ സംഘടന കൂടി രംഗത്തെത്തി. പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ പിന്തുണച്ച നായര്‍ സമുദായം തന്നെയാണ്‌ അദ്ദേഹത്തിന്‍റെ മന്ത്രിസ്ഥാനത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയാക്കണമെന്ന് കരുതിയല്ല അനൂപിനെ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചതെന്ന പ്രസ്‍താവനയുമായി രംഗത്തെത്തിയിരിക്കുന്നത് എന്‍എസ്‍എസ് സംഘടനാ നേതാവ് ജി സുകുമാരന്‍ നായര്‍ തന്നെയാണ്‌.

നിലവിലെ സര്‍ക്കാരിനെ പിന്തുണയ്ക്കുക എന്ന ജനാധിപത്യ നിലപാടില്‍ നിന്നാണ്‌ അനൂപിനെ പിന്തുണച്ചത്. അല്ലാതെ മന്ത്രി സ്ഥാനം അനൂപിന്‌ നല്‍ക്കേണ്ടതില്ലന്ന സൂചനയാണ്‌ സുകുമാരന്‍ നായര്‍ നല്‍കിയത്. മുസ്ലീം ‍ലീഗ് അഞ്ചാം മന്ത്രിസ്ഥാനത്തിനായി മുറവിളി കൂട്ടുകയും എന്‍ ശക്തനെ മന്ത്രിയാക്കണമെന്ന് നാടാര്‍ സമുദായക്കാര്‍ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാകുന്നത് ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്‌. അഞ്ചാം മന്ത്രി സ്ഥാനം നല്‍കിയാല്‍ മന്ത്രിസഭയില്‍ 21 മന്ത്രിയാകും. മാത്രമല്ല, അഞ്ചാം മന്ത്രി സ്ഥാനം നല്‍കുമ്പോള്‍ മാണി വിഭാഗത്തിന്‌ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ രാജ്യസഭാ‍ സീറ്റും കോണ്‍ഗ്രസ് സംഘടിപ്പിച്ചു നല്‍കണം.

നാടാര്‍ സമുദായക്കാരുടെയും ആവശ്യം കേട്ടില്ലെന്ന് നടിക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയില്ല. അതിനുപിന്നിലെ വികാരം നെയ്യാറ്റിന്‍‌കര ഉപതിരഞ്ഞെടുപ്പിലേക്കുള്ള കണ്ണാണ്‌. പൊതുവേ നാടാര്‍ സമുദായക്കാര്‍ കൂടുതലായ നെയ്യാറ്റിന്‍‌കര കൈക്കലാക്കണമെങ്കില്‍ അവരെക്കൂടി പ്രീണിപ്പിക്കുക എന്ന നയം കോണ്‍ഗ്രസ് സ്വീകരിച്ചേ മതിയാകൂ. ഇനി ഒരു മന്ത്രിസ്ഥാനം ഘടക കക്ഷികള്‍ക്ക് നല്‍കുന്നത് സ്വന്തം പാര്‍ട്ടിയിലെ തന്നെ നേതാക്കളെ ചൊടിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്‌ നന്നായി അറിയാം. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന വി ഡി സതീശന്‍, കെ മുരളീധരന്‍ എന്നീ പ്രമുഖര്‍ ഇപ്പോഴും മന്ത്രിസഭയ്ക്ക് പുറത്താണ്‌.

ഗണേശിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടതില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇനിയൊരു മന്ത്രിസ്ഥാനം എന്നതിന്‌ മന്ത്രിസ്ഥാനത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ വേറെ വഴിയില്ല. പിറവത്തെ ജനങ്ങള്‍ നല്‍കിയ വാക്ക് പാലിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും നെയ്യാറ്റിന്‍‌കരയില്‍ നല്ല മറുപടി കിട്ടുമെന്ന് എല്ലാവര്‍ക്കും അറിയാം.

വെബ്ദുനിയ വായിക്കുക