ഉമ്മന്‍‌ചാണ്ടിക്ക് ഇനി കാലം അത്ര നല്ലതല്ല!

Webdunia
ബുധന്‍, 22 മെയ് 2013 (15:00 IST)
PRO
ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ രണ്ട് വര്‍ഷം തികച്ചതോടെ വലിയ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഒരിക്കല്‍ കരുണാകരനും അതിന് ശേഷം ആന്‍റണിയും നേരിട്ട ‘പുറത്താക്കല്‍’ ഉമ്മന്‍‌ചാണ്ടിയെയും കാത്തിരിക്കുന്നതായാണ് ഗ്രൂപ്പ് പോര് ശക്തമായതോടെ പല കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഉമ്മന്‍‌ചാണ്ടിക്കെതിരെ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്.

‘ഇത്രയും കാലം ക്ഷമിച്ചു, ഇനി യാതൊരു കോം‌പ്രമൈസുമില്ല’ എന്ന് വ്യക്തമാക്കിയാണ് ഐ ഗ്രൂപ്പിന്‍റെ പടപ്പുറപ്പാട്. ഇനി തനിക്കും മുഖ്യമന്ത്രിക്കും ഒരേവഴിയില്‍ സഞ്ചരിക്കാനാവില്ല എന്ന് രമേശ് ചെന്നിത്തല ഉറക്കെ വിളിച്ചുപറഞ്ഞുകഴിഞ്ഞു. താന്‍ അപമാനിക്കപ്പെട്ടു എന്ന തോന്നല്‍ ശക്തമായതോടെയാണ് ചെന്നിത്തല യുദ്ധത്തിനായി കച്ചമുറുക്കിയിരിക്കുന്നത്.

കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അതിന് കഴിയുമെങ്കില്‍ നടത്തട്ടെ എന്ന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

എന്തായാലും അപമാനത്തിന്‍റെ മുറിവേറ്റ ചെന്നിത്തലയും കൂട്ടരും അതിശക്തമായി ഉമ്മന്‍‌ചാണ്ടിക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ഉമ്മന്‍‌ചാണ്ടിക്ക് അധികാരത്തില്‍ ഇനി അത്ര നല്ല കാലമല്ല വരാന്‍ പോകുന്നത് എന്ന് വ്യക്തം.

തമ്മിലടി രൂക്ഷമായതോടെ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്നാണ് അറിയുന്നത്. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്തായാലും പാര്‍ട്ടിയുടെ എന്ത് തീരുമാനവും താന്‍ അംഗീകരിക്കുമെന്ന് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന് ശേഷവും മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെയും അപമാനിക്കുന്നതിന് താന്‍ കൂട്ടുനില്‍ക്കില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.