ഉമ്മന്‍ചാണ്ടിക്കെതിരെ പടനയിക്കാന്‍ പിണറായി വിജയന്‍!
വ്യാഴം, 12 സെപ്‌റ്റംബര്‍ 2013 (14:54 IST)
PRO
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പടനയിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് രംഗത്തിറങ്ങുന്നു. ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംസ്ഥാന ജാഥ നടത്താനും അത് പിണറായി നയിക്കാനും സി പി എം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഒരു സംസ്ഥാനജാഥയ്ക്കാണ് സി പി എം ഒരുങ്ങുന്നത്. ഇതേപ്പറ്റിയുള്ള ആലോചനകള്‍ക്കായി പാര്‍ട്ടി കമ്മിറ്റികള്‍ ഉടന്‍ ചേരും. ഒക്ടോബറിലായിരിക്കും പിണറായിയുടെ നേതൃത്വത്തിലുള്ള ജാഥ.
അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ നടന്നുവരുന്ന കരിങ്കൊടി സമരത്തിന്‍റെ രൂപം മാറ്റാനും തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. കരിങ്കൊടി സമരം ഉപരോധ സമരമാക്കി മാറ്റാനാണ് തീരുമാനം.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം സമ്മിശ്രപ്രതികരണമുണ്ടാക്കിയ സാഹചര്യത്തില്‍ ഇനിയുള്ള സമരങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുമ്പോട്ടുകൊണ്ടുപോകാനാണ് സി പി എം തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല രാഷ്ട്രീയ ആയുധമാക്കി സോളാര്‍ കേസിനെ നിലനിര്‍ത്തത്തക്കവിധത്തില്‍ ശക്തമായ സമരങ്ങള്‍ തന്നെ നടത്താനാണ് സംസ്ഥാന കമ്മിറ്റി ആലോചിക്കുന്നത്.