അവഗണനയുടെ പാഴ്മുറം‌കൊണ്ട് ജയ‘സൂര്യനെ’ എത്രനാള്‍ മറയ്ക്കും? !

രവിശങ്കരന്‍

ചൊവ്വ, 1 മാര്‍ച്ച് 2016 (16:48 IST)
ഒരിക്കലും ഒരേരൂപത്തില്‍ കുറച്ചുനാള്‍ കാണാന്‍ കഴിയില്ല ജയസൂര്യയെ. ആ രൂപവും ഭാവവും അടിക്കടി മാറിക്കൊണ്ടിരിക്കും. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയില്‍ ഷാജി പാപ്പനെ കണ്ട് കണ്ണുതള്ളിയവര്‍ സു... സു... സുധി വാത്മീകത്തിലെ സുധിയെ കണ്ട് കണ്ണുനിറയും. അപ്പോത്തിക്കരിയിലെ സുബിയുടെ അവസ്ഥയോര്‍ത്ത് ഉള്ളില്‍ വേദനിക്കും. അമര്‍ അക്ബര്‍ അന്തോണിയിലെ അക്ബറിന്‍റെ തമാശകളില്‍ എല്ലാം മറന്ന് പൊട്ടിച്ചിരിക്കുകയും ചെയ്യും.
 
മലയാളത്തിന്‍റെ ലിയനാര്‍ഡോ ഡി കാപ്രിയോ എന്നാണ് ഇപ്പോള്‍ ജയസൂര്യയെ ഏവരും വിശേഷിപ്പിക്കുന്നത്. കാരണം, എല്ലാ സിനിമകളിലും ഒന്നാന്തരം പ്രകടനമാണ്. പക്ഷേ, അവാര്‍ഡ് ജൂറിക്കാര്‍ക്ക് ഇതൊന്നും കണ്ണിന് പിടിക്കുന്നില്ല. പോരാ, കുറച്ചൂടെ നന്നാവാനുണ്ട് എന്നൊരു ഭാവമാണ്. നമ്മള്‍ മലയാളികളുടെ പൊതു സ്വഭാവം. എന്തായാലും ഇത്തവണ സംസ്ഥാന അവാര്‍ഡില്‍ ഒരു പ്രത്യേക പരാമര്‍ശം നല്‍കിയിട്ടുണ്ട്. ഭാഗ്യം.
 
കിട്ടുന്ന കഥാപാത്രത്തെ 110 ശതമാനം മികച്ചതാക്കുക എന്നതാണ് ജയസൂര്യയുടെ ഒരു ലൈന്‍. അതിനുവേണ്ടി എത്ര കഷ്ടപ്പെടാനും തയ്യാര്‍. അപ്പോത്തിക്കരിയിലെ പ്രകടനത്തിനൊക്കെ ശാരീരികമായി ജയസൂര്യ വലിയ ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ട്. ആ കഥാപാത്രം വിജയിച്ചു എന്നത് സത്യം. എങ്കിലും അതിന് നമ്മള്‍ ഒരംഗീകാരം കൂടി കൊടുക്കുമ്പോഴല്ലേ സഹിച്ച കഷ്ടപ്പാടിനൊക്കെ ഒരു മൂല്യമുണ്ടാവുക?
 
ജനങ്ങളുടെ സപ്പോര്‍ട്ടാണ് തനിക്ക് ഏറ്റവും വലിയ കാര്യമെന്നാണ് ജയസൂര്യ പറയുന്നത്. അത് ആവോളമുണ്ടുതാനും. ഇത്തവണത്തെ കാര്യം തന്നെയെടുക്കാം. അവാര്‍ഡ് ആര്‍ക്കെങ്കിലുമാകട്ടെ, ഞങ്ങളുടെ അവാര്‍ഡ് ജയസൂര്യയ്ക്കാണ് എന്ന് പറഞ്ഞത് എത്രയോ പേരാണ്. അവരൊക്കെ സു... സു... സുധി വാല്‍മീകം കണ്ടവരാണ്. ആ വിസ്മയം സ്ക്രീനില്‍ കണ്ട് അമ്പരന്നവരാണ്. 
 
അറബിക്കഥയിലും കങ്കാരുവിലുമാണ് ജയസൂര്യയില്‍ ഒരു വലിയ നടനുണ്ട് എന്ന സ്പാര്‍ക്ക് പ്രേക്ഷകര്‍ക്കുണ്ടാകുന്നത്. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ സിനിമ ഒറ്റയ്ക്ക് വിജയിപ്പിക്കാനുള്ള താരമൂല്യത്തിലേക്ക് ജയന്‍ എത്തി. വൈരം, പത്താം നിലയിലെ തീവണ്ടി, റോബിന്‍ഹുഡ് എന്നീ ചിത്രങ്ങളും 2009 കാലഘട്ടത്തില്‍ ജയസൂര്യ നല്‍കിയ വ്യത്യസ്ത ചിത്രങ്ങളാണ്.
 
നല്ലവന്‍ എന്ന ചിത്രവും ജയസൂര്യയുടെ നല്ലൊരു ശ്രമമായിരുന്നു. കോക്‍ടെയിലെ വില്ലന്‍ കഥാപാത്രത്തെയും അദ്ദേഹം ഗംഭീരമാക്കി. ടി വി ചന്ദ്രന്‍റെ ശങ്കരനും മോഹനനും എന്ന ചിത്രം ജയന്‍റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ സിനിമയായിരുന്നു. വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അംഗീകാരങ്ങളും കിട്ടിയില്ല. എന്നാല്‍ 20ലധികം അപ്പിയറന്‍സുകളില്‍, രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളില്‍ ജയസൂര്യ തകര്‍ത്താടിയ സിനിമ എന്ന നിലയില്‍ ശങ്കരനും മോഹനനും ഓര്‍മ്മിക്കപ്പെടും.
 
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ വീല്‍‌ചെയറില്‍ ജീവിക്കുന്ന സ്റ്റീഫന്‍ ലൂയിസായി ജയസൂര്യ തിളങ്ങി. ട്രിവാന്‍ഡ്രം ലോഡ്ജിലെ അബ്ദുവും വേറിട്ട കഥാപാത്രമായിരുന്നു. ഡേവിഡ് ആന്‍റ് ഗോലിയാത്ത്, മുംബൈ പോലീസ്, താങ്ക് യു, ഹാപ്പി ജേര്‍ണി, ഇയ്യോബിന്‍റെ പുസ്തകം, സെക്കന്‍റ്സ്, കുമ്പസാരം, ലുക്കാ ചുപ്പി തുടങ്ങിയ സിനിമകളിലും അസാധാരണമായ അഭിനയപ്രകടനമാണ് ജയസൂര്യ നടത്തിയത്. ലുക്കാ ചുപ്പിയിലെ രഘുറാം എന്ന കഥാപാത്രത്തെ കൂടി പരിഗണിച്ചാണ് ജയസൂര്യയ്ക്ക് ഈ വര്‍ഷം സംസ്ഥാന അവാര്‍ഡ് കമ്മിറ്റി പ്രത്യേക പരാമര്‍ശം നല്‍കിയത്.
 
ജയസൂര്യയോട് പറയാനുള്ളത്, ഡി കാപ്രിയോയെപ്പോലെയാവുക എന്നാണ്. പ്രയത്നം തുടരുക. ഒരിക്കല്‍ അവഗണനകള്‍ക്കെല്ലാം പരിഹാരമെന്നോണം മധുരം നിറഞ്ഞൊരു സമ്മാനം നിങ്ങളെ തേടിയെത്തുകതന്നെ ചെയ്യും.

വെബ്ദുനിയ വായിക്കുക