അര്‍ണാബ് ഗോസ്വാമിക്ക് ടൈംസ് നൌവില്‍ പകരക്കാരനാര്?

അജോയ് രാജ്കുമാര്‍

വെള്ളി, 4 നവം‌ബര്‍ 2016 (17:09 IST)
സ്കൂളില്‍ അര്‍ണാബ് ഗോസ്വാമി എന്ന കുട്ടിക്ക് ഒരു വിനോദമേയുണ്ടായിരുന്നുള്ളൂ. അത് ‘സംവാദം’ ആയിരുന്നു. അത്തരം ഡിബേറ്റുകള്‍ പിന്നീട് ഇന്ത്യയിലെ ഏറ്റവും തലപ്പൊക്കമുള്ള മാധ്യമപ്രവര്‍ത്തകനായി അര്‍ണാബിനെ മാറ്റി. ദക്ഷിണേഷ്യയിലെ ഏറ്റവും വ്യൂവര്‍ഷിപ്പുള്ള ടി വി ചാനലില്‍ നിന്ന് അര്‍ണാബ് രാജിവയ്ക്കുന്നതിന് പല കാരണങ്ങളാണ് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ മാനേജുമെന്‍റുമായുണ്ടായ അഭിപ്രായ വ്യത്യാസം അതിനൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
 
പാകിസ്ഥാന്‍ താരം ഇന്ത്യന്‍ സിനിമയില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചാവേളയില്‍ അര്‍ണാബ് ഗോസ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ മാനേജുമെന്‍റില്‍ അസ്വസ്ഥതയുളവാക്കിയിരുന്നു എന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ അതൊരിക്കലും അര്‍ണാബ് ഗോസ്വാമിയെ നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് വളരാന്‍ മാനേജുമെന്‍റ് ആഗ്രഹിച്ചിരുന്നതല്ല എന്ന് വ്യക്തം. ടൈംസ് നൌവിനെ ഒന്നാം നമ്പര്‍ ചാനലാക്കി മാറ്റിയത് അര്‍ണാബ് മാത്രമാണെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുള്ളതാണല്ലോ.
 
വാര്‍ത്തയെ ഡല്‍ഹിയുടെ നാലുചുവരുകളില്‍ നിന്ന് പുറത്തുകടത്തിയ അര്‍ണാബിന് പകരക്കാരനെ കണ്ടെത്തുക എന്നത് ടൈംസ് നൌവിന് വലിയ വെല്ലുവിളിയാണ്. മറ്റൊരു അര്‍ണാബിനെ സൃഷ്ടിക്കുക എന്നത് ഒരു പരിധിവരെ അസാധ്യമാണ്. കാരണം, അര്‍ണാബ് ഗോസ്വാമിക്ക് തുല്യനായി അദ്ദേഹം മാത്രമേയുള്ളൂ എന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. 
 
അര്‍ണാബ് ഗോസ്വാമി രാജിവച്ചെങ്കിലും മാനേജുമെന്‍റ് അതേക്കുറിച്ച് ഒരു കുറിപ്പോ അറിയിപ്പോ സ്റ്റാഫിന് നല്‍കിയിട്ടില്ല. അര്‍ണാബിന് ടൈംസ് നൌവിലേക്ക് ഇനിയൊരു മടക്കമില്ലെങ്കിലും അര്‍ണാബില്ലാതെ സര്‍വൈവ് ചെയ്യാനുള്ള ഒരു ചാനലിന്‍റെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
 
രാത്രി ഒമ്പതുമണിക്ക് ടൈംസ് നൌവിലെ ചര്‍ച്ച കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ് അര്‍ണാബ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്ന ശൂന്യത. എന്തായാലും ആ അസാന്നിധ്യം മറികടക്കാന്‍ ടൈംസ് നൌവിന് കഴിയുമെന്നും ഒന്നാം സ്ഥാനത്തുതന്നെ തുടരാന്‍ അവര്‍ക്ക് സാധിക്കുമെന്നും പ്രതീക്ഷിക്കുകയും ആശംസിക്കുകയും ചെയ്യാം.

വെബ്ദുനിയ വായിക്കുക