അയ്യന്‍കാളി: പോരാട്ടങ്ങളുടെ നായകന്‍

Webdunia
FILEFILE
പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്നു അയ്യന്‍കാളി. .കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു.

പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു.

1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്‍റെ ജന്മനക്ഷത്രം

തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു.

1926 ഫെബ്രുവരി 27ലെ പ്രജാസഭാപ്രസംഗം സുപ്രധാനമാണ്. അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. 1937 ജനുവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്.

കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മയായിരുന്നു അയ്യങ്കന്‍കാളിയുടെ ഭാര്യ. കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവര്‍ മക്കളാണ്. ഇവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1941 ജൂണ്‍ 18ന് സാമൂഹ്യനവോത്ഥാനത്തിന് ഊര്‍ജം പകരര്‍ന്ന കര്‍മ്മയോഗി അന്തരിച്ചു.