അടൂര്‍ പ്രകാശിനും ബാബുവിനും സീറ്റ് ലഭിക്കില്ലെന്ന് സൂചന, സുധീരന്‍റെ തന്ത്രം ഫലിക്കുന്നു?

ജോണ്‍ കെ ഏലിയാസ്
ചൊവ്വ, 29 മാര്‍ച്ച് 2016 (20:55 IST)
കോന്നിയില്‍ അടൂര്‍ പ്രകാശിനും തൃപ്പൂണിത്തുറയില്‍ കെ ബാബുവിനും ഇത്തവണ നിയമസഭാ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ തയ്യാറല്ലെന്നാണ് വിവരം. 
 
മൊത്തം അഞ്ച് സീറ്റുകളിലാണ് സുധീരന്‍ തര്‍ക്കം ഉന്നയിച്ചതെങ്കിലും പ്രധാനമായും ലക്‍ഷ്യം വയ്ക്കുന്നത് അടൂര്‍ പ്രകാശിനെയും കെ ബാബുവിനെയുമാണ്. അതില്‍ അടൂര്‍ പ്രകാശിനെ എന്ത് സമ്മര്‍ദ്ദമുണ്ടായാലും ഇത്തവണ മത്സരിപ്പിക്കരുതെന്ന കടുത്ത നിലപാടിലാണ് സുധീരന്‍.
 
എന്നാല്‍ കോന്നിയിലും തൃപ്പൂണിത്തുറയിലും തൃക്കാക്കരയിലും ഇരിക്കൂറിലും പാറശ്ശാലയിലും സിറ്റിംഗ് എം എല്‍ എമാര്‍ തന്നെ തുടരണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ അഭിപ്രായം. സുധീരന്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്. കളങ്കിതരായവരെയും തുടര്‍ച്ചയായി മത്സരിക്കുന്നവരെയും മാറ്റിനിര്‍ത്തണമെന്നാണ് സുധീരന്‍ ആവശ്യപ്പെടുന്നത്.
 
സുധീരന്‍റെ നിലപാടുകളോട് നിശബ്ദം യോജിക്കുന്ന എ കെ ആന്‍റണിയുടെ സാന്നിധ്യമാണ് നിര്‍ണായകമാകുന്നത്. കളങ്കിതരും ആരോപണങ്ങള്‍ നേരിടുന്നവരും മത്സരരംഗത്തുണ്ടാവരുത് എന്ന സുധീരന്‍റെ നിലപാടിനെ ആന്‍റണിയും പിന്തുണയ്ക്കുന്നുണ്ടെന്നാണ് വിവരം. കെ സി ജോസഫ് മത്സരരംഗത്തുണ്ടായാല്‍ തന്നെ അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍ എന്നിവര്‍ ഇത്തവണ മത്സരിക്കണമെങ്കില്‍ ഉമ്മന്‍‌ചാണ്ടിക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഡല്‍ഹിയില്‍ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ നിന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നുമാണ് അറിയുന്നത്.
 
എന്തായാലും സുധീരന്‍റെ വാദം ആന്‍റണിയും രാഹുല്‍ ഗാന്ധിയും അംഗീകരിച്ചാല്‍ അടൂര്‍ പ്രകാശ്, കെ ബാബു, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ക്ക് ഇത്തവണ മത്സരിക്കാതെ മാറിനില്‍ക്കേണ്ടിവരും.