കുടുംബ വഴക്ക്: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ

തിങ്കള്‍, 17 ഓഗസ്റ്റ് 2020 (09:24 IST)
കൊല്‍ക്കത്ത: ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കോപമടങ്ങാതെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഭാര്യ. പശ്ചിമ ബംഗാള്‍ ഹൗറാ ജുജര്‍ഷ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. മൊഹ്സിന്‍ മല്ലിക് എന്ന 45 കാരനാണ് ഭാര്യ മനീറയുടെ ക്രൂരതയെ തുടർന്ന് കൊല്ലപ്പെട്ടത്. സംഭവത്തിൽ മനീറയെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. 
 
സംഭവദിവസം രാത്രി മൊഹ്സിനും മനീറയും തമ്മില്‍ തര്‍ക്കം ഉയര്‍ന്നിരുന്നു. ഇതിനിടെ അക്രമാസക്തയായ മനീറ കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് ആഞടിയ്ക്കുകയായിരുന്നു. ഇതോടെ ബോധ രഹിതനായ ഭർത്താവിന്റെ ജനനേന്ദ്രിയം മനീറ മുറിച്ചു മാറ്റി എന്നും പൊലീസ് പറയുന്നു. അടുത്ത ദിവസം ഉറക്കം എഴുന്നേറ്റ് വന്ന ആൺമക്കളോട് മനീറ നടന്ന സംഭവങ്ങൾ തുറന്നു പറയുകയായിരുന്നു. 
 
ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ചോരയില്‍ കുളിച്ച നിലയില്‍ പിതാവിന്‍റെ മൃതദേഹമാണ് മുറിയിൽ ചെന്നു നോക്കിയതോടെ കണ്ടതെന്ന് രണ്ട് ആൺ മക്കളിൽ ഒരാൾ മൊഴി നൽകി. മനീറ മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്നും ഇതിനായി മരുന്നുകള്‍ കഴിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍