ഫേസ്ബുക്ക് സുഹൃത്ത് 14കാരിയെ ബലാത്സംഗം ചെയ്‌ത ശേഷം തലയ്‌ക്കടിച്ചു കൊന്നു
വ്യാഴം, 29 ഓഗസ്റ്റ് 2019 (13:47 IST)
മെഹബൂബ്‍നഗര്‍: ഫേസ്‌ബുക്ക് സുഹൃത്ത് 14കാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ്‍നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം. കൊല നടത്തിയ യെംഗു നവീന്‍ റെഡ്ഡി (28) എന്ന യുവാവ് പൊലീസിന്റെ പിടിയിലായി.
വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ ചൊവ്വാഴ്‌ച മുതലാണ് കാണാതായത്. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ജഡ്ചര്‍ല പൊലീസ് അന്വേഷണം നടത്തുന്നതിനിടെ യുവാവിനൊപ്പം പെണ്‍കുട്ടി പോയതായി കണ്ടെത്തി.
യെംഗു നവീന്‍ ബുധനാഴ്‌ച പൊലീസിന്റെ പിടിയിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ഫേസ്‌ബുക്ക് വഴിയാണ് പെണ്‍കുട്ടിയുമായി അടുത്തതും പ്രണയത്തിലായതെന്നും യുവാവ് പറഞ്ഞു.
ഫോണിലൂടെ ബന്ധം ശക്തമായതോടെ വീട് വിട്ടുവരാന്‍ യുവാവ് ആവശ്യപ്പെട്ടു. വീട് വിട്ടുവന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. വിദ്യാര്‍ഥിനി എതിര്‍ത്തതോടെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് അബോധവസ്ഥയിലാക്കി ബലാത്സംഗം ചെയ്‌തു.
പീഡനവിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ കല്ലുകൊണ്ട് തലക്കടിച്ച് ഇയാള്‍ കൊല നടത്തുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.