യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്‌തു; ഒരു കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം - എട്ടു പേരുടെ നില ഗുരുതരം
ബുധന്‍, 28 ഓഗസ്റ്റ് 2019 (16:03 IST)
യുവതിയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ യുവതിയുടെ കുടുംബത്തിലെ 16 പേര്‍ക്ക് നേരെ ആസിഡ് ആക്രമണം. വീട് കയറിയുള്ള ആക്രമണത്തില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരുടെ നില ഗുരുതരമാണ്.
ബിഹാറിലെ വൈശാലി ജില്ലയിലെ ദൗദ്പുര്‍ ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്‌ച രാത്രി 20തോളം വരുന്ന സംഘമാണ് വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇതുവരെ അഞ്ചുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
നന്ദ കിഷോര്‍ ഭഗത് എന്നയാളുടെ കുടുംബത്തിന് നേര്‍ക്കാണ് ആസിഡ് ആക്രമണമുണ്ടായത്. ഇവരുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ ശല്യം ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്‌ച വീട്ടുകാരും യുവാക്കളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി.
പ്രശ്‌നം പരിഹരിക്കപ്പെട്ടുവെങ്കിലും രാത്രി കൂട്ടമായി എത്തിയ യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. അന്വേഷണം തുടരുകയാണെന്നും പ്രതികളെല്ലാം ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.