കൊന്നത് അമ്മയും മകളും ?; നാല് കുട്ടികളുടേതടക്കം അഞ്ച് മൃതദേഹങ്ങള്‍‍, ദുരൂഹത നിറഞ്ഞ കൂട്ടക്കൊലയില്‍ ഞെട്ടി പൊലീസ്

ബുധന്‍, 27 ഫെബ്രുവരി 2019 (10:59 IST)
യുഎസിൽ ഒരു കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്കും മകൾക്കുമെതിരെ കുറ്റപത്രം. യുഎസിലെ പെൻസില്വാനിയയിലാണ് പേടിപ്പെടുത്തുന്ന അരുംകൊല നടന്നത്. സംഭവത്തിൽ 45കാരി ഷാനാ സെലിന ഡെക്രിയും മകൾ ഡോമിനിക്കീ ക്ലാരൺ ഡെക്രിയെയും (19) അറസ്‌റ്റിലായി.

കൊല്ലപ്പെട്ടവരിൽ ഷാനാ ഡെക്രിയുടെ രണ്ടു മക്കളും, ഇവരുടെ സഹോദരിയും അവരുടെ ഇരട്ട കുട്ടികളും ഉൾപ്പെടുന്നു. അരുംകൊലയ്ക്കു പിന്നിലെ കാരണമെന്താണെന്നു ഇതു വരെയും വ്യക്തമായിട്ടില്ല.

ഷാനയുമായി പരിചയമുളള ഒരു സാമുഹിക പ്രവർത്തക ഇവരെ തിരക്കി അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. വാതിൽ തുറക്കാതെ വന്നപ്പോൾ ഒരു ജോലിക്കാരന്റെ സഹായത്തോടെയാണ് ഇവർ അകത്തു പ്രവേശിച്ചത്. അകത്തു കടന്നപ്പോൾ ഷാനയെയും, മകൾ ഡോമിനിക്കയെയും അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചോദ്യം ചെയ്യല്‍ നടത്തിയെങ്കിലും കൊലപാതകത്തെക്കുറിച്ച് യാതൊരു വിവരവും അറിയില്ലെന്നായിരുന്നു ഷാനയും മകളും ആദ്യം പറഞ്ഞത്. വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അപ്പാർട്ട്മെന്റിനു പിന്നിലുളള മുറിയിലെ കട്ടിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഷാന നിലപാട് മാറ്റുകയായിരുന്നു. ഷാനയുടെ കൊല്ലപ്പെട്ട സഹോദരി ജമീല ക്യാമ്പെല്ലിന്റെ പുരുഷസുഹൃത്തും അയാളുടെ സുഹൃത്തുക്കളും അപ്പാർട്ട്മെന്റിൽ എത്തിയെന്നും ഇവരാണ് കൊല നടത്തിയതെന്നും ഇവര്‍ മൊഴി നല്‍കി. കൊല്ലപ്പെട്ട നാല് കുട്ടികളും ആത്മഹത്യയെക്കുറിച്ചു നേരത്തെ ചിന്തിച്ചിരുന്നെന്നും ഷാന പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ ആഘാതങ്ങളോ ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അന്വേഷണം മുന്നോട്ട് പോവുകയാണെന്നും പൊലീസ് വ്യക്തമാകി. അതേസമയം, അമ്മയ്ക്കും മകൾക്കുമെതിരെ കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍