കടക്കെണിയിലായ വിഷമത്തിൽ, ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും വെടിവച്ചു കൊന്ന് ബിസിനസുകാരൻ സ്വയം വെടിവച്ച് മരിച്ചു. ഗുണ്ടൽപേട്ടിലെ ചാമരാജ് നഗർ ജില്ലയിൽ വെള്ളിയാഴ്ച പുലർച്ചെയാണു സംഭവമെന്നു പൊലീസ് പറഞ്ഞു. ഓം പ്രകാശ് (38), ഭാര്യ നികിത (30), മകൻ ആര്യ കൃഷ്ണ (4), ഓം പ്രകാശിന്റെ അച്ഛൻ നാഗരാജ് ആചാര്യ (65), അമ്മ ഹേമ രാജു (60) എന്നിവരാണു മരിച്ചത്.
ബിസിനസിൽ അപ്രതീക്ഷിത നഷ്ടം സംഭവിച്ചതിനെ തുടർന്നു കുടുംബത്തോടെ ജീവനൊടുക്കാൻ ഓം പ്രകാശ് തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. എല്ലാവരുടെയും നെറ്റിയിലാണു വെടിവച്ചിരിക്കുന്നത്. എല്ലാവരും മരിച്ചെന്നുറപ്പാക്കി വായിൽ നിറയൊഴിച്ചാണു ഓം പ്രകാശ് ജീവനൊടുക്കിയത്. ആരും എതിർത്തതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക പരിശോധനയിൽ ലഭ്യമായില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാമരാജ്പേട്ട് എസ്പി എച്ച്.ഡി.അനന്തകുമാർ അറിയിച്ചു.