ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നേടിയ അപരാജിതമായ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡിനരികിലെത്തി വിരാട് കോലി. ഏകദിനത്തിലെ തന്റെ നാല്‍പ്പത്തിയെട്ടാം സെഞ്ചുറിയാണ് കോലി ഇന്നലെ കുറിച്ചത്. ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് തികച്ച താരമായി കോലി മാറി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടൂതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ നാലാം സ്ഥാനത്താണ് കോലി ഇപ്പോള്‍.
510 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 567 ഇന്നിങ്ങ്‌സുകള്‍ കളിച്ചാണ് കോലി 26,000 അന്താരാഷ്ട്ര റണ്‍സുകളെന്ന നേട്ടം സ്വന്തമാക്കിയത്. 600 ഇന്നിങ്ങ്‌സുകളായിരുന്നു സച്ചിന് ഈ നേട്ടത്തിലെത്താന്‍ ആവശ്യമായി വന്നത്. ഇന്നലെ ബംഗ്ലാദേശിനെതിരെ 77 റണ്‍സെത്തി നില്‍ക്കെയാണ് കോലിയുടെ ചരിത്രനേട്ടം. ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താന്‍ ഒരു സെഞ്ചുറി കൂടിയാണ് കോലിയ്ക്ക് ആവശ്യമായുള്ളത്. ആ റെക്കോര്‍ഡ് ഈ ലോകകപ്പില്‍ തന്നെ തകര്‍ക്കപ്പെടാനും സാധ്യതയേറെയാണ്.