20 വര്‍ഷം പഴക്കമുള്ള സച്ചിന്റെ റെക്കോഡ് തകര്‍ക്കാന്‍ കോലിയ്ക്ക് അവസരം, വേണ്ടത് 80 റണ്‍സ് മാത്രം

ബുധന്‍, 15 നവം‌ബര്‍ 2023 (13:12 IST)
2023 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നില്ല. സെമിഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോലി ഒരുപിടി റെക്കോര്‍ഡുകള്‍ക്ക് തൊട്ടരികിലാണ്.
 
9 മത്സരങ്ങളില്‍ നിന്നും 99 റണ്‍സ് ശരാശരിയില്‍ 594 റണ്‍സാണ് ലോകകപ്പില്‍ കോലി സ്വന്തമാക്കിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും ലോകകപ്പിലെ ഈ ഫോം തുടരാനായാല്‍ 3 റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കോലിയ്ക്ക് അവസരമുണ്ട്. നിലവില്‍ 594 റണ്‍സ് ലോകകപ്പിലുള്ള കോലിയ്ക്ക് ഒരു 80 റണ്‍സ് കൂടി നേടാനായാല്‍ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സുകളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനാകും.2003 ലോകകപ്പിലായിരുന്നു സച്ചിന്റെ ഈ നേട്ടം.
 
ഇന്ന് നടക്കുന്ന മത്സരത്തില്‍ 50+ സ്‌കോര്‍ സ്വന്തമാക്കാനായാല്‍ ഒരു ലോകകപ്പില്‍ ഏറ്റവുമധികം 50+ സ്‌കോറുകളെന്ന നേട്ടം കോലി സ്വന്തമാക്കും. നിലവില്‍ ഷാക്കിബ് അല്‍ ഹസന്‍,സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് കോലി. ഒരു ലോകകപ്പില്‍ 7 തവണ 50+ സ്‌കോറുകളാണ് കോലിയുടെ പേരില്‍ ഇപ്പോഴുള്ളത്. ഇനി മത്സരത്തില്‍ സെഞ്ചുറി നേടാന്‍ കോലിയ്ക്ക് സാധിക്കുകയാണെങ്കില്‍ ഏകദിന ക്രിക്കറ്റിലെ കോലിയുടെ അന്‍പതാമത് സെഞ്ചുറിയാകുമത്. ഇതോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കോലിയ്ക്ക് സാധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍