ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയിൽ ഒടുവിൽ മഴ തന്നെ ‘ജയിച്ചു’. ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടം തടസ്സപ്പെടുത്തിയെത്തിയ മഴ പിൻവാങ്ങാതെ വന്നതോടെ മൽസരത്തിന്റെ ബാക്കി, റിസർവ് ദിനമായ ഇന്നത്തേക്കു മാറ്റി. 46.1 ഓവറില്‍ , 5 വിക്കറ്റിന് 211 റൺസ് എന്ന നിലയിലാകും ഇന്ന് ഇന്നിംഗ്സ് തുടങ്ങുന്നത്. അതേസമയം ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥാപ്രവചനം.
പിന്നീട് പെയ്തും തോർന്നും നിന്ന മഴ മൽസരം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങൾക്കു വിഘാതം സൃഷ്ടിച്ചതോടെ മൽസരത്തിന്റെ ബാക്കി റിസർവ് ദിനത്തിലേക്കു മാറ്റാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.കളി തടസ്സപ്പെടുമ്പോള്‍ 67 റൺസുമായി റോസ് ടെയ്‍ലറും, മൂന്ന് റൺസുമായി ടോം ലാഥമായിരുന്നു ക്രീസിൽ ഇരുവരും ഇന്ന് ബാറ്റിംഗ് തുടരും. ബാക്കിയുള്ള നാല് ഓവറുകൾ ബുംറയും ഭുവനേശ്വർ കുമാറും ചേർന്ന് പൂർത്തിയാക്കും. തുടക്കത്തിൽ പതറിയ ന്യുസീലൻഡിനായി നായകൻ കെയിൻ വില്യംസാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയിട്ടത്.
ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ (14 പന്തിൽ ഒന്ന്), ഹെൻറി നിക്കോൾസ് (51 പന്തിൽ 28), ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (95 പന്തിൽ 67), ജിമ്മി നീഷം (18 പന്തിൽ 12), കോളിൻ ഗ്രാൻഡ്ഹോം (10 പന്തിൽ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലൻഡിന് ഇതുവരെ നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചെഹൽ, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി