തോൽ‌വിയിൽ നിന്നും ജയിച്ച് കയറി കോഹ്ലിപ്പട; സെമി ഉറപ്പിച്ച് ഇന്ത്യ, എതിരാളി ആര്?

Webdunia
ബുധന്‍, 3 ജൂലൈ 2019 (09:59 IST)
തോൽ‌വിയിൽ നിന്നും പാഠമുൾക്കൊണ്ട് ജയിച്ച് കയറി ഇന്ത്യ. ബംഗ്ലാദേശിനെ 28 റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കു മ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിച്ചു.
 
കളമരിഞ്ഞ് ടീമിനെ ഒരുക്കുന്നതിൽ ഇന്നലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വിജയിച്ചു. സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് നെടുംതൂണായി മാറി. നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തു.  
 
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിതും കെ എൽ രാഹുലും ഉയർത്തിയ റൺ‌റേറ്റ് ഇന്ത്യൻ ടീമിന് മുതൽ‌ക്കൂട്ടായി. കെ എല്‍ രാഹുലിന് അധികം സമ്മര്‍ദ്ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി.
 
90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്. 92 പന്തില്‍ 104 റണ്‍സ് രോഹിത് കൂട്ടിച്ചേര്‍ത്തു. രാഹുൽ -രോഹിത് കൂട്ടുകെട്ട് പടുത്തുയർത്തിയത് 180 എന്ന കൂറ്റൻ‌റണ്മല ആണ്. 
 
രോഹിത് മടങ്ങി അധികം വൈകാതെ രാഹുലും കൂടാരം കയറി. 92 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്. പിന്നീട് വന്ന നായകന്‍ വിരാട് കോഹ്ലിയിൽ നിന്നും വമ്പൻ ഇന്നിംഗ്സ് പ്രതീക്ഷിച്ചെങ്കിലും ആ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ താരത്തിനു സാധിച്ചില്ല.  
 
ഹാര്‍ദിക് വന്നതും പോയതും എല്ലാം പെട്ടന്നായിരുന്നു. എന്നാല്‍, ഋഷഭ് പന്ത് ബൗണ്ടറികളുമായി കളത്തിൽ 41 പന്തില്‍ ആറ് ഫോറും ഒരു സിക്സും പറത്തിയ ഋഷഭ് അര്‍ധ സെഞ്ചുറി ഉറപ്പിച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യം വീണ്ടുമെത്തിയത്.
 
33 പന്തില്‍ 35 റണ്‍സെടുത്ത ധോണിയുടെ വിക്കറ്റ് അവസാന ഓവറില്‍ വീണില്ലായിരുന്നുവെങ്കില്‍ ഇന്ത്യന്‍ സ്കോര്‍ 320 കടക്കുമായിരുന്നു. എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്‍റുമായാണ് ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article