ലോകകപ്പിൽ പ്രാഥമിക റൌണ്ടുകൾ അവസാനിച്ചിരിക്കുകയാണ്. ശ്രീലങ്കയുമായുള്ള അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം. ഏഴ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. രോഹിത് ശര്‍മയുടേയും കെ എല്‍ രാഹുലിന്റേയും തകര്‍പ്പന്‍ ബാറ്റിംഗില്‍ പിറന്ന സെഞ്ചുറികളാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതായി.
ലങ്ക ഉയര്‍ത്തിയ 265 റണ്‍സ് ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറി കടന്നത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും ഹിറ്റ്‌മാൻ സ്വന്തമാക്കി. കുമാര്‍ സംഗക്കാരയുടെ നാല് സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് ഒമ്പത് മത്സരങ്ങളില്‍ നിന്നും അഞ്ച് സെഞ്ചുറി നേടിയ രോഹിത് മറികടന്നത്. രോഹിത് ശര്‍മ (103), കെഎല്‍ രാഹുല്‍ (111), റിഷഭ് പന്ത് (4), വിരാട് കോഹ്ലി പുറക്കാവാതെ 34 റണ്‍സും നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സെടുത്തത്. 10 ഓവര്‍ ബോള്‍ ചെയ്ത ബുമ്ര, 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏകദിനത്തില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു.
അതോടൊപ്പം, സെമി ഫൈനലിൽ ഇന്ത്യ സഹായിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അപ്രതീക്ഷിത വിജയം നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഒന്നാം സ്ഥാനക്കാരാക്കി. ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നെങ്കില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ആകുമായിരുന്നു മത്സരം.
ന്യൂസിലന്‍ഡുമായുള്ള മത്സരം കടുത്തതാകുമെങ്കിലും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ജയിച്ചുകയറാവുന്ന ടീമാണ് ന്യൂസിലന്‍ഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. ഇതോടെ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒന്നാമതെത്തുകയായിരുന്നു.