തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലും സെമിയിലെത്തിയ ടീമാണ് ഇന്ത്യ. ഇത്തവണ കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടുന്ന സംഘങ്ങളില്‍ ഒന്ന്. സെമിക്ക് മുമ്പ് ഇനി നേരിടേണ്ടത് ശ്രീലങ്കയെ മാത്രം. മികച്ച താരങ്ങളുടെ നിരയുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കുന്നത് നാല് പേര്‍ മാത്രം. ബാറ്റിങ്ങില്‍ രോഹിതും കോഹ‍്ലിയും ബൗളിങില്‍ ബുംറയും ഷമിയും. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ചില കളികളില്‍ തിളങ്ങി.
സ്പിന്നര്‍മാരില്‍ ചാഹലും കുല്‍ദീപും ഭേദമാണ്. ലങ്കക്കെതിരെ ജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷ ഇന്ത്യന്‍ ക്യാമ്പിനുണ്ട്. പക്ഷെ മത്സരം അവസാനത്തോടടുക്കുമ്പോള്‍ ധവാന്റെ അഭാവം വല്ലാതെ അനുഭവപ്പെടുന്നു. ഓപ്പണിങ്ങില്‍ രോഹിത്തിന് മികച്ച കൂട്ട് നല്‍കാന്‍ രാഹുല്‍ പാടുപെടുന്നു. മധ്യനിരയില്‍ അവസാന ലോകകപ്പ് കളിക്കുന്ന ധോണിക്ക് നന്നായി കളിക്കാനാകുന്നുമില്ല.
റിഷഭ് പന്തിന്റെ വരവ് ഒരു ഉണര്‍വ് നല്‍കിയിട്ടുണ്ട്. ഭുവനേശ്വര്‍ പരിക്ക് മാറി വന്നതും പ്രതീക്ഷയാണ്. മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. ശ്രീലങ്കയുടെ ഈ ലോകകപ്പിലെ അവസാന കളിയാണിത്. അവിഷ്ക ഫെര്‍ണാണ്ടോ, ദിമുത് കരുണ രത്ന, ഇസുറു ഉഡാന, ലാഹിരു തിരിമാന, തിസാര പെരേര, കുശാല്‍ പെരേര തുടങ്ങിയ താരങ്ങളുടെ പ്രകടനമായിരുന്നു ഇതുവരെയുള്ള അവരുടെ യാത്രയില്‍ തുണയായത്.