പിറന്നാൾ അനുബന്ധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിനോട് ഒരു ചോദ്യം ചോദിക്കാൻ മനോരമ വായനക്കാർക്കായി ഒരു അവസരം ഒരുക്കിയിരുന്നു. ചോദ്യം ചോദിച്ചവരിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട്. തനിയ്ക്ക് ഒരു ഉപദേശം തരാമോയെന്നാണ് സച്ചിനോട് സഞ്ജു ചോദിച്ചത്.
സഞ്ജുവിന്റെ ചോദ്യം:
സര്‍, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ക്രിക്കറ്റിന്റെ ദൈവം ഉത്തരം നല്‍കുന്നു എന്നതിന്റെ ആകാംഷയിലും ആഹ്ലാദത്തിലുമാണ് ഞാൻ. 2013ല്‍ താങ്കളെ ആദ്യമായി കണ്ടപ്പോള്‍ അന്തംവിട്ടു നില്‍ക്കുകയായിരുന്നു ഞാന്‍. താങ്കൾ എന്നെ അടുത്തേക്ക് വിളിച്ച് കുറേ സംസാരിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാകാത്തതുമായ നിമിഷമായിരുന്നു അത്. അന്ന് ഞാൻ ഒന്നും ചോദിച്ചില്ല. 7 വര്‍ഷങ്ങള്‍ക്ക് മുൻപായിരുന്നു അത്. വർഷങ്ങൾക്ക് ശേഷം ഇപ്പോഴും എനിക്കു ചോദ്യങ്ങളൊന്നുമില്ല. പക്ഷേ, അങ്ങയെപ്പോലെ ഒരു ഇതിഹാസ താരത്തില്‍നിന്ന് ഒരു ഉപദേശം മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സഞ്ജുവിന് സച്ചിൻ നൽകിയ മറുപടി ഇങ്ങനെ:
സഞ്ജൂ, നമ്മൾ ഏറ്റവും ഒടുവില്‍ സംസാരിച്ചപ്പോൾ പറഞ്ഞത് എന്താണെന്ന് എനിക്കോർമയുണ്ട്. ക്രിക്കറ്റിനെ ആരാധിക്കുക, അപ്പോള്‍ ക്രിക്കറ്റ് നിങ്ങള്‍ക്കെല്ലാം നല്‍കും എന്നതായിരുന്നു എന്റെ വാക്കുകള്‍. അതുതന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. കരിയറില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകും. ടീമില്‍ സ്ഥാനം കിട്ടാത്തത് ഉള്‍പ്പെടെ. പക്ഷേ, അതിനെ കുറിച്ചൊന്നും ഓർത്ത് വിഷമിക്കരുത്, ആകൂലതപ്പെടരുത്. നമുക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക. ഒരു കാര്യവും വിട്ടുകളയാതിരിക്കുക.