ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പോരാട്ടമായി മാറാറുള്ള ഇന്ത്യാ-പാക് മത്സരത്തിന് വീണ്ടും കളമൊരുങ്ങുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. നിലവില്‍ ഐ സി സി ട്രോഫി ചാമ്പ്യന്‍മാരാണ് ഇന്ത്യ. 2017 ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണിലാണ് മത്സരം.
ഇംഗ്ലണ്ട് ആതിധേയമരുളുന്ന ടൂര്‍ണമെന്റ് തുടങ്ങുന്നത് 2017 ജൂണ്‍ ഒന്നിനാണ്. ടൂര്‍ണമെന്റ് ജൂണ്‍ 18 ന് അവസാനിക്കും. ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍ ഏറ്റുമുട്ടും. ജൂണ്‍ രണ്ടിന് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ജൂണ്‍ 14, 15 തീയതികളില്‍ കാര്‍ഡിഫ്, എഡ്ജ്ബാസ്റ്റണ്‍ എന്നിവിടങ്ങളിലാണ് സെമിഫൈനലുകള്‍. ഫൈനല്‍ മത്സരം 18 ന് ഓവലിലാണ്.
2015 സെപ്തംബര്‍ 30ലെ ഐ സി സി ഏകദിന റാങ്കിങ്ങ് പ്രകാരമുള്ള ആദ്യ എട്ട് സ്ഥാനക്കാരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാലുടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങള്‍ നടക്കുക. എ ഗ്രൂപ്പ്: ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്. ബി ഗ്രൂപ്പ്: ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക