ഇന്ത്യയുടെ ബൗളിങ് പരിശീലകനാകാന്‍ സഹീര്‍ ഖാന്‍; ലക്ഷ്മിപതി ബാലാജിയും പരിഗണനയില്‍

രേണുക വേണു

ബുധന്‍, 10 ജൂലൈ 2024 (15:18 IST)
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലക സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാനും ലക്ഷ്മിപതി ബാലാജിയും പരിഗണനയില്‍. മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. ഗംഭീറുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമായിരിക്കും മറ്റു സ്റ്റാഫുകളെ ബിസിസിഐ പ്രഖ്യാപിക്കുക. 
 
വിനയ് കുമാറിനെ ബൗളിങ് പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഗൗതം ഗംഭീര്‍ ആഗ്രഹിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി യുവതാരങ്ങളെ കണ്ടെത്തുന്ന ടാലന്റ് സ്‌കൗട്ട് അംഗമാണ് വിനയ് കുമാര്‍. എന്നാല്‍ വിനയ് കുമാര്‍ ബൗളിങ് പരിശീലകനാകുന്നതില്‍ ബിസിസിഐയ്ക്ക് അതൃപ്തിയുണ്ടെന്നും സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളില്‍ 309 മത്സരങ്ങളില്‍ നിന്ന് 610 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് സഹീര്‍ ഖാന്‍. 2011 ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ സഹീര്‍ ടീമില്‍ അംഗമായിരുന്നു. ലക്ഷ്മിപതി ബാലാജി ഇന്ത്യക്കായി എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റും 30 ഏകദിനങ്ങളില്‍ നിന്നായി 34 വിക്കറ്റുകളും നേടിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍