ധോണിക്ക് വ്യക്തമായ പ്ലാനുണ്ട്, യുവരാജ് വിരമിക്കാനൊരുങ്ങിയത് ഇക്കാരണത്താല്‍ - റിപ്പോര്‍ട്ട് പുറത്ത്

Webdunia
വെള്ളി, 20 ജനുവരി 2017 (14:11 IST)
ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലെ വിജയശില്‍‌പി യുവരാജ് സിംഗ് വെളിപ്പെടുത്തിയത് ശ്രദ്ധനേടുന്നു. മഹേന്ദ്ര സിംഗ് ധോണി ഏകദിന നായകന്‍ ആയിരുന്ന കാലത്ത് യുവി കളി മതിയാക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നുവെന്നും നായകന്‍ വിരാട് കോഹ്‌ലി തന്നിൽ അർപ്പിച്ച വിശ്വാസവും പിന്തുണയുമാണ് ടീമില്‍ തുടരാന്‍ കാരണമായതെന്നുമാണ് യുവി വ്യക്തമാക്കിയത്.

ധോണിയുമായി യുവരാജിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. യുവരാജിനെതിരെ സെലക്ഷന്‍ കമ്മിറ്റിയില്‍ മഹി സംസാരിച്ചുവെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. നായകസ്ഥാനം കോഹ്‌ലിക്ക് കൈമാറിയ ശേഷമാണ് യുവരാജ് ഏകദിന ടീമിലേക്ക് തിരിച്ചെത്തിയത് എന്നത് ഈ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു.

അർബുദത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരികെ എത്തിയ ശേഷം പ്രകടനം മോശമായിരുന്നതിനാലാണ് താന്‍ കളി നിര്‍ത്താന്‍ ഒരുങ്ങിയതെന്നാണ് കട്ടക്ക് എകദിനത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ യുവരാജ് പറഞ്ഞത്. ഇതോടെ വര്‍ഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന വിവാദങ്ങള്‍ക്ക് വിരാമമായി.

ചികിത്സയ്‌ക്ക് ശേഷമുള്ള രണ്ടാം വരവില്‍ പ്രകടനം മോശമായിരുന്നു. ഈ സമയത്താണ് ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഇത്തവണ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചതിനാല്‍ ദേശിയ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നതായും യുവരാജ് വ്യക്തമാക്കി.

അതേസമയം, ധോണിയെ വാനോളം പുകഴ്‌ത്താന്‍ യുവരാജ് മറന്നില്ല. അനുഭവസമ്പത്തിനെ ടീമിനായി ഉപയോഗിക്കുന്ന ധോണിയുടെ പ്രകടനം സുന്ദരമാണ്. രാജ്യത്തിനായി ഒരുപിടി മത്സരങ്ങള്‍ വിജയിപ്പിച്ച താരമാണ് മഹി. കട്ടക്ക് ഏകദിനത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായ പ്ലാന്‍ ഉണ്ടായിരുന്നതായും വാര്‍ത്താസമ്മേളനത്തില്‍ യുവി പറഞ്ഞു.
Next Article