ക്രിക്കറ്റ് മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു; നിലനിർത്തിയത് കോഹ്‍ലി തന്നിൽ അര്‍പ്പിച്ച വിശ്വാസം: യുവരാജ്

Webdunia
വെള്ളി, 20 ജനുവരി 2017 (13:18 IST)
ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി കട്ടക്ക് ഏകദിനത്തിലെ ഇന്ത്യൻ വിജയശില്പി യുവരാജ് സിങ്. ഏകദിന കരിയറിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ കുറിച്ച് ഇംഗ്ലണ്ടിനെതിരെ ടീമിന് വിജയം സമ്മാനിച്ച ശേഷമാണ് ദേശീയ ടീമിൽനിന്ന് പുറത്താക്കപ്പെട്ട ഘട്ടത്തിൽ വിരമിക്കുന്നതിനെക്കുറിച്ചുപോലും താൻ ചിന്തിച്ചിട്ടുണ്ടായിരുന്നുവെന്ന് യുവരാജ് വെളിപ്പെടുത്തിയത്. 
 
അർബുദത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയശേഷം വളരെ കഠിനമായിരുന്നു എനിക്കു മുന്നിലുള്ള വഴി. മികച്ച പ്രകടനം പുറത്തടെക്കാൻ സാധിക്കാത്തതിനെ തുടർന്ന് ഞാൻ ടീമിൽനിന്നും പുറത്താക്കപ്പെട്ടു. ക്രിക്കറ്റ് മതിയാക്കുന്നതിനേക്കുറിച്ചായിരുന്നു ഈ ഘട്ടത്തിൽ എന്റെ ചിന്ത. അതേസമയം, വിരാട് കോഹ്‍ലി തന്നിൽ അർപ്പിച്ച വിശ്വാസമാണ് ഇപ്പോഴും താൻ ടീമിൽ തുടരുന്നത്തിന് കാരണം.
 
രാജ്യത്തിനായി ഒരുപാട് മൽസരങ്ങളിൽ വിജയങ്ങൾ നേടിക്കൊടുക്കാൻ എനിക്കും ധോണിക്കും സാധിച്ചിട്ടുണ്ട്. വളരെയേറെ പരസ്പര ധാരണയോടെ കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലൊക്കെ ഇത് വളരെ ഉപകാരപ്പെട്ടു. വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. ഈ അനുഭവങ്ങളെയെല്ലാം അദ്ദേഹം ടീമിനായി ഉപയോഗപ്പെടുത്തുന്നതും ഒരു സുന്ദരമായൊരു കാഴ്ചയായിരുന്നു.
 
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ യുവരാജ്-ധോണി സഖ്യത്തിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അഞ്ച് ഓവറിൽ മൂന്നിന് 25 റൺസെന്ന നിലയിൽ ഇന്ത്യ പതറുമ്പോൾ ക്രീസിൽ ഒരുമിച്ച ഇരുവരും 38 ഓവറിലധികം ക്രീസിൽ നിന്ന് 256 റൺസാണ് നേടിയത്. കരിയറിലെ ഉയർന്ന സ്കോർ കണ്ടെത്തിയ യുവരാജ് 150 റൺ‍സെടുത്തപ്പോൾ കരിയറിലെ 10-ാം സെഞ്ചുറി കുറിച്ച ധോണി 134 റൺസെടുത്തു. 
 
Next Article