ഏഴാമനായ ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജാവായത് എങ്ങനെ ?; വെളിപ്പെടുത്തലുമായി ഗാംഗുലി!

Webdunia
തിങ്കള്‍, 30 ജൂലൈ 2018 (16:45 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പൊന്നും വിലയുള്ള നായകന്‍ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ മഹേന്ദ്ര സിംഗ് ധോണി എന്നാകും ഉത്തരം. രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍‌സ് ട്രോഫിയും രാജ്യത്തെത്തിച്ച ജാര്‍ഘണ്ഡുകാരന്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയും ചെയ്‌തു.

ഇതുവരെയുള്ള ഇന്ത്യന്‍ ക്യാപ്‌റ്റന്മാരില്‍ ധോണിയോളം നേട്ടങ്ങള്‍ സ്വന്തമാക്കിയവരാരും ഉണ്ടാകില്ല. മികച്ച നായകനെന്ന് അറിയപ്പെടുന്ന സൗരവ് ഗാംഗുലി പോലും ഇക്കാര്യത്തില്‍ മറിച്ച് അഭിപ്രായം പറയില്ല. ധോണിയെന്ന സാധാരണ കളിക്കാരനെ ലോകമറിയുന്ന താ‍രമാക്കി തീര്‍ത്തത് ദാദയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇതിനു പിന്നിലുള്ള കഥകള്‍ അറിയാവുന്നവര്‍ വിരളമാണ്.

ധോണി എങ്ങനെ നായകനായി എന്നതിനു പിന്നിലുള്ള ഡ്രസിംഗ് റൂം രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി. “ 2004ല്‍ ടീമില്‍ എത്തുമ്പോള്‍ ഏഴാം സ്ഥാനത്തായിരുന്നു ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നത്. ബാറ്റിംഗ് മികവും ക്രിക്കറ്റിനോടുള്ള തീവ്രമായ സമീപനവും അവനില്‍ പ്രകടമായിരുന്നു. ഇതോടെ ബാറ്റിംഗ് ഓര്‍ഡര്‍ പൊളിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പാകിസ്ഥാനെതിരെ വിശാഖപട്ടണത്തു നടന്ന മല്‍സരത്തില്‍ ടോസ് അനുകൂലമായതോടെ പരീക്ഷണം നടത്താന്‍ തീരുമാനിച്ചു“- എന്നും ഗാംഗുലി പറയുന്നു.

എന്റെ മൂന്നാം നമ്പര്‍ ധോണിക്ക് വിട്ടു നല്‍കുകയെന്ന ലക്ഷ്യമായിരുന്നു മനസിലുണ്ടായിരുന്നതെന്നും ഗാംഗുലി വ്യക്തമാക്കുന്നു. മുന്നാമനായി ക്രിസില്‍ എത്തണമെന്ന് പറയാന്‍ ചെല്ലുമ്പോള്‍ ഷോര്‍ട്‌സൊക്കെയിട്ട് ഇരിക്കുകയായിരുന്നു ധോണി. എന്റെ നിര്‍ദേശം കേട്ടതും അവന്‍ ഞെട്ടി. ഞാന്‍ മൂന്നാമനായി ഇറങ്ങിയാല്‍ ദാദ ഏത് പൊസിഷനില്‍ ഇറങ്ങുമെന്നായിരുന്നു ധോണിയില്‍ നിന്നുയര്‍ന്ന ചോദ്യം. നാലാമനായി ഞാന്‍ വന്നോളം എന്നു പറഞ്ഞതോടെയാണ് അവന്‍ ഡ്രസ് മാറ്റിയെന്നും ഗാംഗുലി വ്യക്തമാക്കുന്നു.

ഈ തീരുമാനം ആശങ്കയുണ്ടാക്കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏതു വിവാദവും തരണം ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നുവെന്നും ഗാംഗുലി പറയുന്നു. എന്നാല്‍, മത്സരത്തില്‍ 15 ബൗണ്ടറിയുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ 148 റണ്‍സ് നേടിയ ധോണി ഗാംഗുലിയുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്‌തു. മത്സരത്തില്‍ ഇന്ത്യ 58 റണ്‍സിന് ജയിക്കുകയും മഹി മാന്‍ ഓഫ് ദ മാച്ച് ആ‍കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ധോണി യുഗം പിറന്നതെന്നും ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article