World Test Championship Final 2024-25: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഉണ്ടാകുമോ? നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ട് തോല്‍വികള്‍ വഴങ്ങിയ ഇന്ത്യയുടെ പോയിന്റ് ശതമാനത്തില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അപ്പോഴും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് ജയവും നാല് തോല്‍വിയും ഒരു സമനിലയുമായി 62.82 പോയിന്റ് ശതമാനത്തോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നേരത്തെ ഇന്ത്യയുടെ പോയിന്റ് ശതമാനം 68 നു മുകളില്‍ ആയിരുന്നു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം തോല്‍വിയോടെ പോയിന്റ് ശതമാനത്തില്‍ വലിയ ഇടിവുണ്ടായി.
രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 62.50 ആണ്. 12 മത്സരങ്ങളില്‍ എട്ട് ജയം, മൂന്ന് തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് ഓസ്‌ട്രേലിയയ്ക്കുള്ളത്. ഒന്‍പത് കളികളില്‍ അഞ്ച് ജയവും നാല് തോല്‍വിയുമായി 55.56 പോയിന്റ് ശതമാനത്തോടെ ശ്രീലങ്കയാണ് മൂന്നാം സ്ഥാനത്ത്. പത്ത് കളികളില്‍ അഞ്ച് ജയം, അഞ്ച് തോല്‍വി എന്നിങ്ങനെ 50 പോയിന്റ് ശതമാനത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനത്ത്. മൂന്ന് ജയം, മൂന്ന് തോല്‍വി, ഒരു സമനിലയുമായി 47.62 ശതമാനത്തോടെ ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് വീഴാനുള്ള സാധ്യത കുറവാണ്. ന്യൂസിലന്‍ഡിനെതിരെ ശേഷിക്കുന്ന ഒരു ടെസ്റ്റും ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒന്നോ രണ്ടോ മത്സരങ്ങളും ജയിച്ചാല്‍ തന്നെ ഇന്ത്യക്ക് പോയിന്റ് ടേബിളില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. അതായത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ ഇന്ത്യക്ക് ഇനിയുമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരിക്കും ഇനി നിര്‍ണായകമാകുക.