കപ്പില്ലാതെ രാജ്യത്ത് കാല് കുത്തരുതെന്ന് ദക്ഷിണാഫ്രിക്കയോട് കായികമന്ത്രി

Webdunia
വെള്ളി, 6 ഫെബ്രുവരി 2015 (10:21 IST)
ലോകക്രിക്കറ്റിലെ ഏറ്റവും ശക്തമായ ബാറ്റിംഗ് നിര, ആരെയും ഭയപ്പെടുത്തുന്ന ബോളിംഗ്, കൊതിപ്പിക്കുന്ന തരത്തിലുള്ള ഫീല്‍‌ഡിംഗ് ഇത്രയും വിവരങ്ങള്‍ പറഞ്ഞാല്‍ മനസിലാകും ടീം ഏതാണെന്ന്, ടീം ദക്ഷിണാഫ്രിക്ക തന്നെ. പടിക്കല്‍ കലമുടയ്ക്കുന്ന പതിവ് എന്നും തുടരുന്ന ടീം ഇത്തവണ വരുന്നത് ഒരു മുന്നറിയിപ്പുമായാണ്‍. ലോകകപ്പ് തോറ്റ് നാട്ടിലേക്ക് മടങ്ങിവരേണ്ടെന്നാണ് ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രിയായ ഫിക്കിലെ ബലുലയാണ് ദക്ഷിണാഫ്രിക്കന്‍ ടീമംഗങ്ങള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.

'' ഇനിയും തോറ്റവരുടെ ബഞ്ചില്‍ ഇരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട. നിങ്ങള്‍ ക്രിക്കറ്റിലെ ശക്തര്‍ തന്നെയാണ്. റോബോട്ടുകളുമായല്ല മനുഷ്യരുമായാണ് കളിക്കാന്‍ പോകുന്നത്. എല്ലാത്തവണയും ലോകകപ്പിനായി ഒരു സംഘമായി പോകുകയും തോറ്റ് മടങ്ങുകയും ചെയ്യുകയാണ് പതിവ്. ഇത്തവണ ഉത്തരവാദിത്വം കൃത്യമായി നടപ്പിലാക്കി നിങ്ങള്‍ ലോകകപ്പ് നേടണം '' കായികമന്ത്രി പറഞ്ഞു. ഇതോടെ ചങ്കിടിപ്പോടെയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഓസിസിലേക്ക് വണ്ടികയറിയത്.

കഴിഞ്ഞ ലോകകപ്പ് പരാജയങ്ങള്‍ മറന്നേക്കു, മഴ നിയമം 1992ലെ ലോകകപ്പില്‍ വില്ലനായതും, അലന്‍ ഡൊണാള്‍ഡിന്റെയും ക്ലൂസ്‌നറുടെയും പിഴവുകൊണ്ട് 1999ലെ ലോകകപ്പില്‍ വീഴ്‌ച വന്നതും നമുക്ക് മറക്കാം. ബംഗ്ലാദേശില്‍ സംഭവിച്ചതിനെക്കുറിച്ച് ഓര്‍ക്കുക പോലും വേണ്ട. ഒരാളെയും ശക്തികുറഞ്ഞവരായി കാണരുതെന്നും ദക്ഷിണാഫ്രിക്കന്‍ കായികമന്ത്രി താരങ്ങള്‍ക്ക് ഉപദേശം നല്‍കി. ഇത്തവണ നമ്മള്‍ കപ്പുയര്‍ത്തണം, ലോകത്തിന് മുന്നില്‍ നമ്മള്‍ ചെറുതല്ലെന്ന് തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.