എങ്ങനെ എറിഞ്ഞാലും അടിയോടടി; ഗെയ്‌ലിന് ഡബിള്‍ സെഞ്ചുറി

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (12:22 IST)
വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ആദ്യ ഇരട്ട സെഞ്ചുറി നേടി. 138 പന്തിലാണ് ലോകകപ്പിലെ കന്നി ഇരട്ട സെഞ്ചുറി കുറിച്ചത്. 215 റണ്‍സ് നേടിയ അദ്ദേഹം അവസാന പന്തിലാണ് പുറത്തായത്. മര്‍ലോണ്‍ സാമുവത്സിന്റെയും (133)  ഗെയിലിന്റെയും സെഞ്ചുറിയുടെ കരുത്തില്‍ വിന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 372 റണ്‍സെടുത്തു.

നേരത്തെ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗിനും, രോഹിത് ശര്‍മയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് ഗെയില്‍. 1996ല്‍ ദക്ഷിണാഫ്രിക്കയുടെ ഗ്യാരി ക്രിസ്‌റ്റണ്‍ സ്ഥാപിച്ച 188 റണ്‍സ് എന്ന റെക്കോര്‍ഡാണ് ഗെയില്‍ ഇന്നു തകര്‍ത്തത്.

സിംബാബ്‌വേക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ ഓപ്പണര്‍ ഡാരന്‍ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ മാത്യു സാമുവല്‍സും ക്രിസ്‌ഗെയിലും മൈതാനം നിറഞ്ഞാടുകയായിരുന്നു.

138 പന്തിലാണ് ലോകകപ്പിലെ കന്നി ഇരട്ട സെഞ്ചുറി ഗെയില്‍ കുറിച്ചത്. 147 പന്തുകള്‍ നേരിട്ട ഗെയില്‍ 10 ഫോറുകളും 16 സിക്‍സറകളും നേടിയാണ് ലോകകപ്പില്‍ ചരിത്രമെഴുതിയത്.105 പന്തുകളില്‍ നിന്നായി അഞ്ചു ഫോറും അഞ്ചു സിക്സും ഉള്‍പ്പെടെയാണ് ഗെയ്ല്‍ സെഞ്ചുറി തികച്ചത്. ആദ്യ സെഞ്ചുറിക്ക് ശേഷം 33 പന്തിലാണ് ഗെയില്‍ അടുത്ത നൂറും കടന്നത്.

മറുവശത്ത് ഗെയിലിന് മികച്ച പിന്തുണ നല്‍കിയ മര്‍ലോണ്‍ സാമുവല്‍‌സ് (133) അടിച്ചു തകര്‍ക്കുകയായിരുന്നു. പതിയെ കളിച്ച് തുടങ്ങിയ സാമുവല്‍സ് പിന്നീട് കത്തിക്കയറുകയായിരുന്നു. 156 ബോളുകളില്‍ 11 ഫോറുകളും മൂന്ന് സിക്‍സറുകളുമാണ് സാമുവല്‍സ് നേടിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.