നാലാം ടെസ്റ്റിൽ കീപ്പറായി ഇഷാനെത്തുമോ? മറുപടി നൽകി ദ്രാവിഡ്

ബുധന്‍, 8 മാര്‍ച്ച് 2023 (13:38 IST)
ഓസീസിനെതിരായ ബോർഡർ- ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റ് മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ ചെറിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മത്സരം തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനുള്ള ഇന്ത്യൻ സാധ്യതകളെ ബാധിക്കുമെന്നതിനാൽ വിജയത്തിൽ കുറഞ്ഞ യാതൊന്നിലും ഇന്ത്യ തൃപ്തരാകില്ല.
 
നാലാം ടെസ്റ്റിൽ വിക്കറ്റ് കീപ്പറായി ശ്രീകർ ഭരതിന് പകരം ഇഷാൻ കിഷൻ എത്തുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. സീരീസിൽ വിക്കറ്റ് കീപ്പറായി മികച്ച പ്രകടനം നടത്താൻ ഭരതിനായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇഷാനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ടീം പരിശീലകനായ രാഹുൽ ദ്രാവിഡ്. ഭരതിൻ്റെ ബാറ്റിംഗിനെ പറ്റി ആശങ്കകളില്ലെന്നാണ് ദ്രാവിഡ് വ്യക്തമാക്കുന്നത്. വെല്ലുവിളി നിറഞ്ഞ ബാറ്റിംഗ് സാഹചര്യമായിട്ടും ഇൻഡോറിലെ ആദ്യ ഇന്നിങ്ങ്സിൽ ഭരത് 17 റൺസ് നേടി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ കളിക്കുമ്പോൾ കുറച്ച് ഭാഗ്യം കൂടി വേണം. അത് ഭരതിനുണ്ടായില്ല.
 
ഭരത് മികച്ച രീതിയിലാണ് കീപ്പ് ചെയ്യുന്നത്. ബാറ്റിംഗിലും പുരോഗതി കൈവരിക്കുമെന്നും അതിനാൽ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് പരാജയത്തെ എടുത്തുകാണിക്കേണ്ടതില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ഇതൊടെ നാലാം ടെസ്റ്റിലും ഭരത് തന്നെ വിക്കറ്റ് കാക്കുമെന്ന് ഉറപ്പായി. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമിയാകും നാലാം ടെസ്റ്റിൽ ഇന്ത്യൻ ബൗളിംഗ് നിരയിലുണ്ടാവുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍