ധോണിക്ക് ശേഷം കോഹ്ലി, കോഹ്ലിക്ക് ശേഷമാര്? - ഇന്ത്യയെ നയിക്കാൻ കെൽപ്പുള്ള 3 പേർ ഇവരോ?

അനു മുരളി

ചൊവ്വ, 7 ഏപ്രില്‍ 2020 (16:04 IST)
2014 ൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകനാവുന്നത്. അന്നേ ദിവസം മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് നായകസ്ഥാനം രാജി വെക്കുകയും ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയും ചെയ്തു. ലിമിറ്റഡ് ഓവർടീമിന്റെ നായകനായി പിന്നീട് മൂന്ന് വർഷത്തോളം ധോണി തുടർന്നു. ശേഷം, 2017ൽ കോഹ്ലി മൂന്ന് ഫോർമാറ്റിലും കോഹ്ലി നായകനായി മാറി. 
 
നായകസ്ഥാനത്ത് നിന്നും ഇറങ്ങിയപ്പോൾ അഭിമാനിക്കാൻ ഉതകുന്ന നേട്ടങ്ങൾ ധോണിയുടെ കൈവശം ഉണ്ടായിരുന്നു. അത്തരത്തിൽ ഐസിസി കിരീടങ്ങളൊന്നും നേടിയിട്ടില്ലെങ്കിലും കോലിയുടെ ക്യാപ്റ്റനെന്ന പെർഫോമൻസും റെക്കോർഡും മികച്ചത് തന്നെയാണ്. കോഹ്ലിക്ക് ശേഷം ഇന്ത്യൻ ടീമിനെ ആര് നയിക്കും എന്നതിനെ കുറിച്ച് ക്രിക്കറ്റ് പ്രേമികൾ ഇപ്പോഴേ ചർച്ച ആരംഭിച്ച് കഴിഞ്ഞു. കോഹ്ലിയുടെ പകരക്കാരൻ ആകാൻ കെൽപ്പുള്ള മൂന്ന് പേർ ടീമിൽ ഉണ്ട്. രോഹിത് ശർമ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരാണ് ആ താരങ്ങൾ.
 
ഇന്ത്യൻ ടീമിന്റെ ഉപനായകനായ രോഹിത് ശർമയുടെ കഴിവ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോകക്രിക്കറ്റ് കാണുന്നതാണ്. വിരാട് കോലി കളിക്കാതിരിക്കുമ്പോൾ ടീമിനെ നയിക്കുന്ന രോഹിത് ഇന്ത്യയെ നിർണായക പല മത്സരങ്ങളിലും നയിച്ചിട്ടുണ്ട്. ഐപിഎല്ലിൽ രോഹിത് മുംബൈ ഇന്ത്യൻസിനെ നാല് തവണ കിരീടധാരണത്തിലേക്ക് നയിച്ചിട്ടുണ്ട്. കോലി ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏതെങ്കിലും ഫോർമാറ്റിൽ നിന്ന് മാറിനിൽക്കാനോ നായകസ്ഥാനം ഒഴിയാനോ തീരുമാനിച്ചാൽ രോഹിത് ആയിരിക്കും അടുത്ത നായകനെന്ന് ഉറപ്പിക്കാം.
 
നിലവിൽ രോഹിതിനെ പോലെ തന്നെ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് കെ എൽ രാഹുൽ. പല കാരണങ്ങൾ കൊണ്ട് രാഹുൽ കോഹ്ലിയെ ഓർമിപ്പിക്കുന്നു. ക്യാപ്റ്റൻ സ്ഥാനത്തേക്കും രാഹുൽ പരിഗണിക്കപ്പെട്ടേക്കും. ന്യൂസിലൻറിനെതിരെ ഈയടുത്ത് നടന്ന ടി20 പരമ്പരയിൽ കോലിയും രോഹിതും ഇല്ലാതിരുന്നപ്പോൾ രാഹുൽ ടീമിനെ നയിച്ചിട്ടുണ്ട്. ഇന്ത്യ ആ മത്സരം ജയിക്കുകയും ചെയ്തു. 
 
രോഹിതും രാഹുലും കഴിഞ്ഞാൽ  സാധ്യതയുള്ളത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റവും സ്ഥിരതയുള്ള താരമാണ് അയ്യർ. ബാറ്റിങ് പൊസിഷനിലെ നിർണായകമായ നാലാം നമ്പറിൽ ശ്രേയസ് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍