ഫുട്‌ബോള്‍ കളിക്കുന്നതിനിടെ നാഭിയില്‍ പന്ത് കൊണ്ടു, പരിശോധന നടത്തിയപ്പോള്‍ വൃഷ്ണത്തില്‍ ട്യൂമര്‍; അന്ന് ഫുട്‌ബോള്‍ കൊണ്ടില്ലായിരുന്നെങ്കില്‍ താന്‍ മരിച്ചു പോയേനെ എന്ന് വെയ്ഡ് ! അറിയാം ഓസീസ് താരത്തെ കുറിച്ച്

Webdunia
വെള്ളി, 12 നവം‌ബര്‍ 2021 (14:40 IST)
ടി 20 ലോകകപ്പ് സെമി ഫൈനലില്‍ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഫൈനലിലേക്ക് എന്‍ട്രി നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. മധ്യനിര ബാറ്റര്‍ മാത്യു വെയ്ഡ് ആണ് ഓസ്‌ട്രേലിയയ്ക്ക് വിജയം സമ്മാനിച്ചത്. 19-ാം ഓവറിലെ അവസാന മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി സിക്‌സ് അടിച്ചുകൊണ്ടാണ് വെയ്ഡ് ഓസ്‌ട്രേലിയയുടെ രക്ഷകനായി അവതരിച്ചത്. രാജ്യത്തെ ഫൈനലിലെത്തിക്കാന്‍ നിര്‍ണായ പങ്ക് വഹിച്ചതില്‍ വലിയ സന്തോഷത്തിലാണ് വെയ്ഡ്. 
 
ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് മാത്യു വെയ്ഡ് ഇന്ന് ഈ നിലയില്‍ എത്തിയത്. 16-ാം വയസ്സിലാണ് വെയ്ഡിന് ട്യൂമര്‍ പിടിപെടുന്നത്. ട്യൂമര്‍ തിരിച്ചറിയാല്‍ അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമായിരുന്നു. 
 
സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് വെയ്ഡിന്റെ നാഭിയില്‍ കൊണ്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാധാരണ പരിശോധനയ്ക്കായി ആശുപത്രിയില്‍ പോയതാണ് വെയ്ഡ്. ഇപ്പോള്‍ വന്നത് നന്നായി എന്നായി ഡോക്ടര്‍മാര്‍. വെയ്ഡിന്റെ വൃഷ്ണത്തില്‍ ട്യൂമര്‍ ഉണ്ടെന്ന കാര്യം അപ്പോഴാണ് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നത്. സിഡ്‌നി മോണിങ് ഹെറാള്‍ഡിനോട് അന്നത്തെ സംഭവത്തെ കുറിച്ച് വെയ്ഡ് തുറന്നുപറഞ്ഞിട്ടുണ്ട്. 
 
'നാഭിക്കും വൃഷ്ണത്തിനും ഇടയിലായാണ് അന്ന് പന്ത് തട്ടിയത്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നോക്കാന്‍ ആശുപത്രിയില്‍ പോയതാണ്. ഒരുപക്ഷേ, അന്ന് പന്ത് അവിടെ തട്ടിയില്ലായിരുന്നെങ്കില്‍ വൃഷ്ണത്തില്‍ ട്യൂമര്‍ ഉള്ള കാര്യം ഞാന്‍ അറിയില്ലായിരുന്നു. പന്ത് അവിടെ തട്ടിയതില്‍ എനിക്ക് ഭാഗ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,' വെയ്ഡ് പറഞ്ഞു. തുടര്‍ച്ചയായി കീമോ തെറാപ്പിക്ക് വിധേയനായി. വെയ്ഡിന്റെ മുടി കൊഴിഞ്ഞു. ഒടുവില്‍ കൃത്യമായ ചികിത്സയ്ക്ക് ശേഷം ട്യൂമറിനെ അതിജീവിച്ച് വെയ്ഡ് ക്രിക്കറ്റ് ലോകത്തേക്ക് എത്തി. 
 
വര്‍ണാന്ധതയും വെയ്ഡിനെ ബാധിച്ചിരുന്നു. കാഴ്ച ശക്തിക്ക് വലിയ പ്രശ്‌നം അനുഭവപ്പെട്ടു. അത് ക്രിക്കറ്റിനെയും ബാധിച്ചിട്ടുണ്ട്. ഡേ നൈറ്റ് ടെസ്റ്റുകളില്‍ കീപ്പ് ചെയ്യുന്ന സമയത്താണ് വേഡ് വര്‍ണാന്ധതയുടെ ബുദ്ധിമുട്ട് അനുഭവിച്ചത്. കൃതൃമ വെളിച്ചത്തില്‍ പിങ്ക് ബോള്‍ കൈപ്പിടിയിലൊതുക്കാന്‍ വെയ്ഡ് ശരിക്കും ബുദ്ധിമുട്ടിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article