ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍ ആരാണെന്ന ചോദ്യത്തിന് തര്‍ക്കമുണ്ടായേക്കും. കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൌരവ് ഗാംഗുലിയാണ് മികച്ച നായകനെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയാണ് ഏറ്റവും മികച്ച നായകനെന്നും മറുവിഭാഗവും വാദിക്കുന്നു. ഈ രണ്ട് ചേരിയിലേക്കും ആരാധകര്‍ക്കൊപ്പം താരങ്ങളും അണിചേര്‍ന്നതോടെ ധോണിക്ക് ശേഷവും മുമ്പും എന്ന വിശേഷണത്തിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് എത്തി നില്‍ക്കുന്നത്.
2007ലെ ട്വന്റി-20 ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്ള സ്വാധീനം ധോണിയിലേക്ക് മാത്രമായി ചുരുങ്ങി. 2011ലെ ഏകദിന ലോകകപ്പു കൂടി ഇന്ത്യ സ്വന്തമാക്കിയതോടെ ധോണിയെന്ന നായകന്‍ ടീമിലും സെലക്ഷന്‍ കമ്മിറ്റിയിലും സര്‍വ്വശക്തനായി. ഇതോടെ ടീമില്‍ പടലപ്പിണക്കവും വിവാദങ്ങളും രൂക്ഷമായി.
ധോണി ശക്തനായപ്പോള്‍ ടീമിലേക്ക് വിളി ലഭിക്കാത്ത താരങ്ങള്‍ നിരവധിയായി. മോശം ഫോമിന്റെയും ഫിറ്റ്‌നസിന്റെയും പേരില്‍ ടീമില്‍ നിന്ന് പുറത്തു പോയവരെ പിന്നെ ടീമിലെടുക്കുന്നതില്‍ ധോണി കടുത്ത എതിര്‍പ്പ് കാണിച്ചുവെന്നാണ് വിമര്‍ശകരും ചില താരങ്ങളും പറയുന്നത്. വീരേന്ദ്രര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍, യുവരാജ് സിംഗ്, ആശിഷ് നെഹ്‌റ, ഗൌതം ഗംഭീര്‍ എന്നിവര്‍ ടീമില്‍ ഇടം നേടാനാകാതെ വിഷമവൃത്തത്തിലായി.
പത്താന്‍ ടീമിലേക്കുള്ള വിളി കാതോര്‍ത്തിരിക്കുമ്പോള്‍ വീരേന്ദ്രര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇടവേളയ്‌ക്ക് ശേഷം യുവരാജ് സിംഗും നെഹ്‌റയും ടീമില്‍ എത്തിയപ്പോഴും പടിക്ക് പുറത്തു നില്‍ക്കാനായിരുന്നു ഗൌതം ഗംഭീറിന്റെ വിധി. ഇതോടെയാണ് ഗംഭീറിന് ധോണിയോടുള്ള വിരോധം ശക്തമായത്. ഐ പി എല്‍ ക്രിക്കറ്റ് കൂടി രാജ്യത്ത് വളര്‍ന്നു പന്തലിച്ചതോടെ ഇരുവരും തമ്മില്‍ ശത്രുത വര്‍ദ്ധിക്കുകയും ചെയ്‌തു.
എന്തിനെയും ഏതിനെയും കൂളായി കൈകാര്യം ചെയ്യുന്ന ധോണി ഗംഭീറിന്റെ പ്രസ്താവനകള്‍ കേട്ടില്ലെന്ന് നടിക്കുന്നതിനിടെ 2014ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലേക്ക് ക്ഷണം ലഭിച്ചെത്തിയ ഗംഭീര്‍ പരാജയമായി തീര്‍ന്നു. ഈ പരമ്പരയില്‍ നാല് ഇന്നിങ്സില്‍നിന്ന് 25 റണ്‍സ് മാത്രാണ് അദ്ദേഹം നേടിയത്. ഇതോടെ ടെസ്‌റ്റ് ടീമില്‍ നിന്ന് അദ്ദേഹം പുറത്താകുകയായിരുന്നു.
2015ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഏല്ലാവരെയും ഞെട്ടിച്ച് ധോണി ടെസ്‌റ്റ് ടീമില്‍ നിന്ന് രാജിവച്ചെങ്കിലും ഗംഭീറിന് തിരിച്ചുവരവ് സാധ്യമായില്ല. പിന്നീട് ഐപിഎല്ലിലും ഗ്രേറ്റർ നോയിഡയിലും ദുലീപ് ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയെങ്കിലും ടീമിലേത്തുക എന്ന ഗംഭീറിന്റെ സ്വപ്‌നം അങ്ങനെ തന്നെ നിന്നു. ഇപ്പോള്‍ വിരാട് കോഹ്‌ലി നായകനാകുകയും അനില്‍ കുംബ്ലെ പരിശീലകനാകുകയും ചെയ്‌തതോടെയാണ് ഗംഭീറിന് ടെസ്‌റ്റ് ടീമിലേക്കൊരു വിളിയുണ്ടായത്.
തന്റെ കരിയറില്‍ കരിനിഴലിലാക്കിയത് ധോണിയാണെന്ന് അന്നും ഇന്നും ഗംഭീര്‍ വിശ്വസിക്കുന്നുണ്ട്. ധോണിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ‘ധോണി ദ അൺറ്റോൾഡ് സ്റ്റോറി’ വെള്ളിയാഴ്‌ച്ച റിലീസാകാനിരിക്കെ ചിത്രത്തിനെതിരെ ഗംഭീര്‍ പ്രസ്‌താവന നടത്തിയതും പടലപ്പിണക്കത്തിന്റെ ഭാഗം തന്നെയായിരുന്നു. “ ജമ്മു കശ്‌മീരിലെ ഉറിയില്‍ വീരമൃത്യു വരിച്ച 17 സൈനികരെക്കുറിച്ചാണ് സിനിമകളുണ്ടാകേണ്ടത്. രാജ്യത്തിനുവേണ്ടി ജീവന്‍ ഹോമിച്ച ഇവരേക്കാള്‍ പ്രചോദനമൊന്നും ഒരു ക്രിക്കറ്റ് താരവും നല്‍കിയിട്ടില്ല” - എന്നാണ് ചിത്രത്തെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്.
ധോണിക്കെതിരെ ആദ്യമായിട്ടല്ല ഗംഭീര്‍ സംസാരിക്കുന്നത്. ധോണിയുടെ ജീവിതകഥ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ നിരവധി പേര്‍ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്‌തപ്പോള്‍ ഗംഭീര്‍ വിമര്‍ശിക്കാനാണ് സമയം കണ്ടെത്തിയത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ആഴത്തിലുള്ള വിവരങ്ങള്‍ ആര്‍ക്കും വ്യക്തമല്ലെങ്കിലും താരങ്ങള്‍ രണ്ടു തട്ടിലാണെന്നതില്‍ ആര്‍ക്കും സംശമില്ല.
ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നേടിയപ്പോഴും ആ ഫൈനലുകളില്‍ നിര്‍ണായക പ്രകടനം നടത്തിയ താരമായിരുന്നു ഗംഭീര്‍. ട്വന്റി - 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെതിരെ 54 പന്തുകളില്‍ 74 റണ്‍സും ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 97 റണ്‍സും അദ്ദേഹം നേടിയിരുന്നു. ഈ വിജയങ്ങള്‍ക്കു ശേഷമാണ് ധോണിക്കെതിരെ ഗംഭീര്‍ തിരിയുന്നത്.
എന്നാല്‍ 2012ന് ശേഷമാണ് ധോണിയുമായുള്ള ഗംഭീറിന്റെ ബന്ധം തീര്‍ത്തും വഷളായത്. ടീമില്‍ നിന്ന് പുറത്തായതിന് ശേഷം തിരികെയെത്താനുള്ള ശ്രമങ്ങള്‍ ധോണി തടഞ്ഞുവെന്നും ഫോമില്‍ അല്ലാത്തവരെയും അടുപ്പക്കാരെയും ടീമില്‍ പതിവായി ഉള്‍പ്പെടുത്തിയെന്ന ആരോപണവുമാണ് ഗംഭീര്‍ ഉന്നയിക്കുന്നത്. ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകനുമായി ഗംഭീര്‍ തെറ്റിപ്പിരിയുന്നത്.
ഇപ്പോള്‍ ധോണി ടീമില്‍ ഇല്ല, നീണ്ട ഇടവേളയ്ക്ക് ശേഷം ഗംഭീറിന് ടീമിലേക്ക് വിളിയുണ്ടാകുകയും ചെയ്‌തു. തന്നെ പുറത്തിരിത്തിയവര്‍ക്കും അതിന് കൂട്ട് നിന്നവര്‍ക്കുമുള്ള ശക്തമായ മറുപടി ഗംഭീറിന് ബാറ്റിംഗിലൂടെ നല്‍കുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്. അതിനൊപ്പം ധോണിയോടുള്ള മധുരപ്രതികാരവും കൊല്‍ക്കത്തയില്‍ കണ്ടേക്കാം.