ധോണിയില്ലെങ്കിലും ഗംഭീറിന് നേട്ടമുണ്ടാകില്ല; ഗംഭീര്‍ കളിക്കണമെങ്കില്‍ ഒരാള്‍ കനിയണം!

Webdunia
വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (19:02 IST)
ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ പരുക്കിനെത്തുടര്‍ന്ന് രണ്ടു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടെസ്‌റ്റ് ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ നാട്ടില്‍ കളിക്കുന്ന 250മത്തെ ടെസ്‌റ്റ് മത്സരം എന്ന വിശേഷണം കൂടിയുണ്ട് ന്യൂസിലന്‍ഡിനെതിരെ വെള്ളിയാഴ്‌ച നടക്കുന്ന ടെസ്‌റ്റിന്.

ഗംഭീറിന്റെ തിരിച്ചുവരവ് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ടെങ്കിലും ദയനീയ ഫോമില്‍ കളിക്കുന്ന ശിഖര്‍ ധവാന്‍ ടീമില്‍ എത്തിയേക്കുമെന്നാണ് സൂചന. സ്‌പിന്നിനെ നേരിടുന്നതിലെ മികവും ഐപിഎല്ലിലെ ഗംഭീറിന്റെ ടീമായ നൈറ്റ് റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കളി എന്നതും ഗംഭീറിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചതെങ്കിലും അദ്ദേഹം കളിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയുമാണ്.

മുതിര്‍ന്ന താരം തന്റെ ഇഷ്‌ടത്തിന് അനുസരിച്ച് കളിക്കുമോ എന്ന സംശയം കോഹ്‌ലിയില്‍ ശക്തമായാല്‍ ഗംഭീറിനെ തള്ളി ധവാന് തന്നെ ടീമില്‍ അവസരം ലഭിക്കാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിയാകും ഇന്ത്യക്ക് ലഭിക്കുക. അത്രയും മോശം ഫോമിലാണ് ധവാന്‍ കളിക്കുന്നത്.

വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദുലീപ് ട്രോഫിയിലൊന്നും ധവാന്‍ പരാജയമായിരുന്നു. കഴിഞ്ഞ എട്ട് ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ധസെഞ്ചുറി മാത്രം കണ്ടെത്താനാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. 84, 27, 26, 1, 29, 29 എന്നിങ്ങനെയാണ് ധവാന്റെ കഴിഞ്ഞ മത്സരങ്ങളിലെ സ്‌കോര്‍. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ തള്ളി രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, ഗംഭീര്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചതിന് ശേഷം ദുലീപ് ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ദുലീപ് ട്രോഫിയില്‍ അഞ്ച് ഇന്നിംഗ്‌സുകളില്‍ നിന്ന് 71.20 ശരാശരിയില്‍ 356 റണ്‍സ് നേടിയപ്പോള്‍ ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ചുറികളുടെ സഹായത്തോടെ 501 റണ്‍സ് ഗംഭീര്‍ സ്വന്തമാക്കിയിരുന്നു.
Next Article