സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്‌മാന്‍ എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് പരുക്കിന്റെ പിടിയില്‍. അടിക്കടിയുണ്ടാകുന്ന കൈമുട്ട് വേദന താരത്തിന് നീണ്ട വിശ്രമം നല്‍കിയിരിക്കുകയാണ്.
അടുത്തയാഴ്‌ച എബിയെ കൈമുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. തുടര്‍ന്ന് മൂന്നു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം ഫിറ്റ്‌നസ് ടെസ്‌റ്റ് വിജയകരമായി പൂര്‍ത്തിയാക്കി വേണം ഡിവില്ലിയേഴ്‌സിന് ടീമിലെത്താന്‍.
പരുക്ക് പൂര്‍ണ്ണമായും മാറാന്‍ കുറച്ച് സമയമെടുക്കുമെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ മുഹമ്മദ് മൂസാജി അറിയിച്ചു.
അതിനിടെ തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കേണ്ടതിനാല്‍ വെടിക്കെട്ട് താരത്തിന്റെ അഭാവം ടീമിനെ ബാധിക്കുമെന്ന വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം. ഓസ്‌ട്രേലിയക്കെതിരെയുളള പരമ്പരയില്‍ നിന്നും ഡിവില്ലിയേഴ്‌സിനെ ഒഴിവാക്കുകയും ചെയ്‌തു. ഏകദിന ടെസ്റ്റ് മത്സരങ്ങള്‍ ഓസീസുമായി കളിക്കേണ്ടതിനാല്‍ എബിയുടെ അഭാവം വലിയ കുറവുണ്ടാക്കുമെന്നാണ് ടീം വ്യക്തമാക്കുന്നത്.
കൂടാതെ ന്യൂസിലാന്‍ഡിനെതിരെയും അയര്‍ലന്‍ഡിനെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്ക കളിക്കേണ്ടതുണ്ട്. ഈ പരമ്പരകളിലും ഡിവില്ലിയേഴ്‌സ് ഉണ്ടാകില്ല. ഡിസംബറില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന പരമ്പരയില്‍ സൂപ്പര്‍ താരം തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് എബിയുടെ ആരാധകര്‍.