വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഗ്ലാമർ വേദിയിൽ മിന്നുമണി: കേരളത്തിൻ്റെ അഭിമാനം

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2023 (12:20 IST)
വനിതാ ഐപിഎല്ലിൽ കേരളത്തിൻ്റെ അഭിമാനമുയർത്തി മിന്നുമണി. ഇന്നലെ നടന്ന താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസാണ് താരത്തെ ടീമിലെത്തിച്ചത്. 10 ലക്ഷം രൂപ മാത്രമായിരുന്നു മലയാളി താരത്തിൻ്റെ അടിസ്ഥാന വില. എന്നാൽ മിന്നുമണിക്കായി ഡൽഹിയും ബാംഗ്ലൂരും രംഗത്തെത്തി. 30 ലക്ഷം രൂപയ്ക്ക് ഡൽഹി താരത്തെ സ്വന്തമാക്കുകയായിരുന്നു.
 
വയനാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്ന് സ്കൂൾ കാലം മുതലെ വയലുകളിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടായിരുന്നു മിന്നുമണിയുടെ തുടക്കം. സ്കൂൾ ക്രിക്കറ്റിലേക്ക് മികവ് തെളിയിക്കാനായതോടെ കേരള ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തി. ബാറ്റിംഗിനൊപ്പം ബൗളിംഗിലും മികച്ച പ്രകടനം നടത്തിയ മിന്നുമണി പെട്ടെന്ന് തന്നെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയുടെ റഡാറിൽ പെട്ടു.
 
തുടർന്ന് ഇന്ത്യ എ ടീമിനായുള്ള മികച്ച പ്രകടനമാണ് മിന്നുമണിയുടെ ഗ്രാഫ് ഉയർത്തിയത്. ഓഫ്സ്പിന്നറായ മിന്നുമണി ഇടംകയ്യൻ ബാറ്ററുമാണ്. 23 വയസുകാരിയായ താരം ഇന്ത്യൻ ക്രിക്കറ്റിൽ ഭാവിയിൽ അത്ഭുതങ്ങൾ തീർക്കുമെന്ന് തന്നെയാണ് കേരളം പ്രതീക്ഷിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article