കുറച്ചുകൂടി വിവേകം കാണിക്കൂ, വൈകാരികമായ പ്രതികരണം അല്ല വേണ്ടത്; ഡിആര്‍എസ് നഷ്ടപ്പെടുത്തുന്നതില്‍ കോലിയെ ഉപദേശിച്ച് ലക്ഷ്മണ്‍

ശനി, 14 ഓഗസ്റ്റ് 2021 (15:38 IST)
ഡിആര്‍എസ് എടുക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി കുറച്ചുകൂടി വിവേകം കാണിക്കണമെന്ന് മുന്‍ താരവും കമന്റേറ്ററുമായ വി.വി.എസ്.ലക്ഷ്മണ്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ജോ റൂട്ടിന്റെ വിക്കറ്റിനായി രണ്ട് ഡിആര്‍എസുകള്‍ കോലി നഷ്ടപ്പെടുത്തി. മുഹമ്മദ് സിറാജിന്റെ ഓവറിലായിരുന്നു രണ്ട് ഡിആര്‍എസും ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഡിആര്‍എസിനെ വൈകാരികമായി കാണാതെ കൂടുതല്‍ ഏകാഗ്രതയോടും വിവേകത്തോടും പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ നായകനോട് ലക്ഷ്മണ്‍ പറയുന്നത്. 
 
'ഡിആര്‍എസ് എപ്പോള്‍ ഉപയോഗിക്കണം, എങ്ങനെ ഉപയോഗിക്കണം എന്നീ കാര്യങ്ങളെ കുറിച്ച് താരങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ഡിആര്‍എസ് വിവേകപൂര്‍വം ഉപയോഗിച്ചില്ലെങ്കില്‍ മത്സരം തോല്‍ക്കാന്‍ അതുമതി. എല്ലാ താരങ്ങളും ഒന്നിച്ചു കൂടി ചര്‍ച്ച ചെയ്യുന്നത് അത്ര നല്ല സമീപനമായി തോന്നുന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാകുന്നു. തീര്‍ച്ചയായും ബൗളര്‍മാര്‍ക്ക് അല്‍പ്പം വികാരം കൂടും. എല്ലാ പന്തുകളും പാഡില്‍ തട്ടുന്നതായോ വിക്കറ്റിലേക്ക് ഉള്ളതാണെന്നോ ബൗളര്‍മാര്‍ക്ക് തോന്നുക സ്വാഭാവികം. അങ്ങനെയൊരു സന്ദര്‍ഭത്തിലാണ് നായകന്‍മാര്‍ കൂടുതല്‍ ഏകാഗ്രത കാണിക്കേണ്ടത്. ഏതാനും താരങ്ങളെ ക്യാപ്റ്റന്‍ ആശ്രയിക്കേണ്ടിവരും. എന്നാല്‍, ആ പന്ത് കൃത്യമായി കാണുകയോ അതിന്റെ ദിശയെ കുറിച്ച് ബോധ്യമുള്ളവരെയോ ആയിരിക്കണം ക്യാപ്റ്റന്‍ ആശ്രയിക്കേണ്ടത്,' ലക്ഷ്മണ്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍